Share this Article
News Malayalam 24x7
വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് കാലടി സർവകലാശാല
Governor Rajendra Vishwanath Arlekar

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ സന്ദർശനത്തോടനുബന്ധിച്ച് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പുറത്തിറക്കിയ വിവാദ സർക്കുലർ പിൻവലിച്ചു. ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ച് വൈസ് ചാൻസലർ സിസ തോമസ് പുറപ്പെടുവിച്ച വിചിത്രമായ നിർദ്ദേശങ്ങൾക്കെതിരെ അധ്യാപകരും വിദ്യാർത്ഥി സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് നടപടി.

ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ശങ്കര ജയന്തി ദിനാഘോഷത്തിൽ പങ്കെടുക്കാനാണ് ഗവർണർ കാലടിയിൽ എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലറിലെ പല നിർദ്ദേശങ്ങളും ജനാധിപത്യ വിരുദ്ധമാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും നിർബന്ധമായും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണം, ഗവർണറുടെ പ്രസംഗം കഴിഞ്ഞാലുടൻ എല്ലാവരും കൈയടിക്കണം, പരിപാടി അവസാനിക്കുന്നത് വരെ ആരും ഹാളിന് പുറത്തേക്ക് പോകരുത് തുടങ്ങിയവയായിരുന്നു പ്രധാന നിർദ്ദേശങ്ങൾ.


കൂടാതെ, മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാക്കണമെന്നും വിദ്യാർത്ഥികൾ പരിപാടിയുടെ ഫോട്ടോകളോ വീഡിയോകളോ പകർത്താൻ പാടില്ലെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിലടക്കം വലിയ പരിഹാസവും വിമർശനവും ഉയർന്നു. അധ്യാപക സംഘടനകളും വിദ്യാർത്ഥി യൂണിയനുകളും പ്രതിഷേധം അറിയിച്ചതോടെ സർവകലാശാലാ അധികൃതർ പ്രതിരോധത്തിലായി. തുടർന്നാണ് വിവാദമായ നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ പിൻവലിക്കാൻ വൈസ് ചാൻസലർ തീരുമാനിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories