വാഹനാപകട കേസിൽ പ്രതിയായ നടൻ മണിയൻപിള്ള രാജുവിന് ആശ്വാസം. അപകടസമയത്ത് താരം മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനാ ഫലം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ രക്തസാമ്പിളുകളുടെ രാസപരിശോധനയിലാണ് മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് കണ്ടെത്തിയത്. ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരം ക്ലബ്ബിന് മുന്നിലുണ്ടായ അപകടവുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്.
മണിയൻപിള്ള രാജു സഞ്ചരിച്ചിരുന്ന വാഹനത്തിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. എന്നാൽ അപകടത്തിന് ശേഷം അദ്ദേഹം വാഹനം നിർത്താതെ പോയതും, വിവരം യഥാസമയം പൊലീസിനെ അറിയിക്കാതിരുന്നതും വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതേത്തുടർന്നാണ് താരം മദ്യപിച്ചിരുന്നോ എന്ന കാര്യത്തിൽ സംശയമുയർന്നതും പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുത്ത് രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതും.
അപകടം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് രക്തം ശേഖരിച്ചത് എന്ന കാര്യത്തിൽ നേരത്തെ ചില വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും, ഇപ്പോൾ പുറത്തുവന്ന രാസപരിശോധനാ ഫലം കേസിൽ അദ്ദേഹത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചു എന്ന ആരോപണത്തിൽ നിന്നും ഇതോടെ താരത്തിന് ക്ലീൻ ചീറ്റ് ലഭിച്ചിരിക്കുകയാണ്.