പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്കിടെ നിലപാട് കടുപ്പിച്ച് അമേരിക്കയും ഇറാനും രംഗത്തെത്തിയത് മേഖലയിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. ഇറാൻ സമാധാന കരാറിന് തയ്യാറായില്ലെങ്കിൽ ഹോർമുസ് കടലിടുക്കിലെ ഉപരോധം അവസാനിപ്പിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകി.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഇറാന് ഭീഷണി മുഴക്കിയത്. കരാറിന് ഇറാൻ തയ്യാറായില്ലെങ്കിൽ ഉപരോധം തുടരുമെന്നു മാത്രമല്ല, കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാൻ വ്യക്തമാക്കി. നിലവിലുള്ള ഉപരോധങ്ങൾ നീക്കാതെ അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖായി പ്രതികരിച്ചു.
വരുന്ന ചൊവ്വാഴ്ച നിലവിലെ കരാറുകളുടെ കാലാവധി അവസാനിക്കാനിരിക്കെ, ഇരുരാജ്യങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ്. നിലവിലെ സാഹചര്യം മേഖലയിൽ വീണ്ടും സംഘർഷം മൂർച്ഛിക്കാൻ കാരണമായേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ട്രംപിന്റെ പ്രസ്താവനയും ഇറാന്റെ കടുത്ത നിലപാടും അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയ്ക്കാണ് വഴിതുറന്നിരിക്കുന്നത്.