നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളിൽ ഒരാളായ മാർട്ടിൻ ആന്റണിയുടെ വീഡിയോയിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് ഇന്ന് കേസെടുത്തേക്കും. അതിജീവിത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് പൊലീസ് നടപടിക്ക് ഒരുങ്ങുന്നത്. കേസിൽ ദിലീപിന് പങ്കില്ലെന്ന് പറയുന്ന വീഡിയോയിൽ, മാർട്ടിൻ ആന്റണി അതിജീവിതയുടെ പേര് പലതവണ ഉപയോഗിച്ചിരുന്നു. കേസിൽ വിധി വന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വീഡിയോ, ശിക്ഷ പ്രഖ്യാപിക്കുന്നതിന് മുമ്പാണ് മാർട്ടിൻ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയെക്കുറിച്ച് പൊലീസ് പ്രാഥമിക പരിശോധന ആരംഭിച്ചിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ അടക്കം നടപടി ഉണ്ടാകുമെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസിൽ രണ്ടാം പ്രതിയാണ് മാർട്ടിൻ ആന്റണി. നടിയെ ആക്രമിച്ച കേസിലെ പ്രതികൾ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്നത് നിയമപരമായി കുറ്റകരമാണ്.