4 വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ സിലബസ് പരിഷ്‌കരിക്കാന്‍ ധാരണ. അധ്യാപകര്‍ക്ക് വേണ്ട പരിശീലനം നല്‍കാനും തീരുമാനിച്ചു. ബിരുദ പ്രോഗ്രാമുകളുടെ സുഗമമായ നടത്തിപ്പ് കണക്കിലെടുത്താണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നടപടി..
4 വര്‍ഷം ബിരുദ പ്രോഗ്രാമുകള്‍ ആരംഭിച്ചിട്ടും അധ്യാപകര്‍ക്ക് വേണ്ട പരിശീലനം നല്‍കാത്തതില്‍ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. അത് കണക്കിലെടുത്ത് അധ്യാപകര്‍ക്ക് വേണ്ട പരിശീലനം നല്കാനും ഒപ്പം സിലബസ് പരിഷ്‌കരിക്കാനുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഡിസംബറിന് മുമ്പ് തന്നെ കരിക്കുലത്തിലെ മാറ്റങ്ങള്‍ സംബന്ധിച്ച് എല്ലാ സര്‍വകലാശാലകളും മുഴുവന്‍ കോളേജുകളിലെ അധ്യാപകര്‍ക്കും പരിശീലനം നല്‍കണമെന്നാണ് നിര്‍ദ്ദേശം. അതിനുപുറമേ ജില്ലാ അടിസ്ഥാനത്തിലും അധ്യാപകര്‍ക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. മേജര്‍ മൈനര്‍ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കോളേജുകള്‍ എല്ലാ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് സര്‍വകലാശാലകള്‍ ഉറപ്പുവരുത്തണമെന്നും അതിനായി പ്രത്യേക പോര്‍ട്ടല്‍ ഒരുക്കാനും തീരുമാനമായി. വിദ്യാര്‍ത്ഥികള്‍ക്ക് പരാതി അറിയിക്കാന്‍ ഒരു സ്ഥിരം സംവിധാനം തയ്യാറാക്കും.
കൂടാതെ കുട്ടികള്‍ കുറവുള്ള പ്രോഗ്രാമുകളില്‍ പുന:ക്രമീകരണം നടത്താനും നിര്‍ദ്ദേശമുണ്ട്. കുട്ടികള്‍ കുറവുള്ള വിഷയങ്ങളെ മള്‍ട്ടി ഡിസിപ്ലിനറി പ്രോഗ്രാമുകളായി പുന:ക്രമീകരിക്കാനുള്ള മാര്‍ഗ്ഗരേഖകള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്, കോളേജുകളിലെ ഭൗതിക സാഹചര്യത്തിനനുസരിച്ച് അധ്യാപകര്‍ക്ക് അതില്‍ തീരുമാനമെടുക്കാം. കൂടാതെ എല്ലാ സര്‍വകലാശാലകളിലും ക്രെഡിറ്റ് - ലിങ്ക്ഡ് ഹ്രസ്വകാല നൈപുണ്യ കോഴ്‌സുകള്‍ തുടങ്ങാനും നടപടിയെടുക്കും...