Share this Article
News Malayalam 24x7
പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കില്ല
Paliyakkara Toll

 പാലിയേക്കരയിൽ ടോൾ പിരിവിനുള്ള ഹൈക്കോടതിയുടെ വിലക്ക് തുടരും. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നു എന്ന് കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. തകർന്ന റോഡ് എങ്ങനെയാണെന്ന് ദേശീയപാത അതോറിറ്റിയോട് കോടതി ചോദിച്ചു.


കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ച ഘട്ടത്തിൽ, വ്യവസ്ഥകളോടെ തിങ്കളാഴ്ച ടോൾ പിരിവ് അനുവദിക്കാമെന്ന് കോടതി പറഞ്ഞിരുന്നു. എന്നാൽ, ഇന്ന് കേസ് പരിഗണിച്ചപ്പോൾ, തൃശ്ശൂർ ജില്ലാ കളക്ടർ ഓൺലൈനായി ഹൈക്കോടതിയെ അറിയിച്ചത് മുരിങ്ങൂരിലെ സർവീസ് റോഡ് തകർന്നിരിക്കുകയാണെന്നാണ്. ഒരാഴ്ച മുമ്പ് പുനർനിർമ്മാണം നടത്തിയ സർവീസ് റോഡാണ് തകർന്നതെന്നും കളക്ടർ കോടതിയെ അറിയിച്ചു.


റോഡ് നന്നാക്കിയ ശേഷം ടോൾ പിരിവ് തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാം എന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. സർവീസ് റോഡ് നന്നാക്കി ഗതാഗതക്കുരുക്ക് പരിഹരിച്ച ശേഷം മാത്രമേ ടോൾ പിരിവ് പുനരാരംഭിക്കാൻ പാടുള്ളൂ എന്ന നിലപാടിലാണ് കോടതി.


മുരിങ്ങൂർ അടക്കമുള്ള സ്ഥലങ്ങളിൽ അടിപ്പാത നിർമ്മാണം നടക്കുന്നതിനാൽ അവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഈ സാഹചര്യത്തിൽ, റോഡ് നന്നാക്കി ഗതാഗതം സുഗമമാക്കാൻ കോടതി നിർദ്ദേശം നൽകി.


ഈ ഹർജികൾ ഇനി വ്യാഴാഴ്ച പരിഗണിക്കും. അപ്പോൾ റോഡ് കൃത്യമായി നന്നാക്കിയിട്ടുണ്ടെങ്കിൽ ടോൾ പിരിവിന് അനുമതി നൽകാനുള്ള സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories