റാഞ്ചി: പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും വിവാദത്തിലായ ജെ.എസ്.എസ്.സി- സി.ജി.എൽ പരീക്ഷ റദ്ദാക്കുമെന്ന് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പ്രഖ്യാപിച്ചു. 2014 മുതൽ സംസ്ഥാനത്ത് നടന്ന എല്ലാ മത്സരപരീക്ഷകളെക്കുറിച്ചും സി.ഐ.ഡി അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കത്തിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി. പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച് ഹേമന്ത് സോറന് രാഹുൽ ഗാന്ധി കത്തയച്ചിരുന്നു. വിദ്യാർഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്നും അവർ പ്രതിഷേധിക്കുന്നത് സമാധാനപരമായാണെന്നും ഓഗസ്ത് 14-ന് എഴുതിയ കത്തിൽ രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു.വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരിക്കും പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുക. പ്രതിഷേധക്കാരുടെ ആശങ്ക സർക്കാർ ഗൗരവമായിത്തന്നെ കാണുന്നുവെന്നും പ്രശ്നം പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഹേമന്ദ് സോറൻ അറിയിച്ചു.
സർക്കാർ ജോലിക്കായുള്ള പരീക്ഷകളിൽ സുതാര്യതയും നീതിയും ആവശ്യപ്പെട്ടാണ് ഝാർഖണ്ഡിൽ 'ജന്തർമന്തർ മോഡൽ' സമരം ആരംഭിച്ചത്. ക്രമക്കേടുകളിൽ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നായിരുന്നു വിദ്യാർഥികളുടെ നിലപാട്. ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ, ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നിവ നടത്തിയ പരീക്ഷകൾ ഉൾപ്പെടെ 13 നിയമനപരീക്ഷകൾ റദ്ദാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.