തിരുവനന്തപുരം: ലോക് കേരള പുറത്തിറക്കിയ 2026 ലെ കലണ്ടറിൽ സവർക്കറുടെ ചിത്രം. സ്വാതന്ത്ര്യസമര സേനാനികളുടെയും സാംസ്കാരിക നായകരുടെയും ഫോട്ടോയ്‌ക്കൊപ്പമാണ് സവർക്കറുടെ ഫോട്ടോയും കലണ്ടറിൽ ചേർത്തിട്ടുള്ളത്. ഫെബ്രുവരി മാസം സൂചിപ്പിക്കുന്ന പേജിലാണ് സവർക്കറുടെ ചിത്രമുള്ളത്. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ചന്ദ്രശേഖർ ആസാദ്, ഡോ.രാജേന്ദ്രപ്രസാദ് എന്നിവരുടെ ചിത്രവും കലണ്ടറിലുണ്ട്. ഇതാദ്യമായാണ് ലോക്ഭവന്‍ കലണ്ടര്‍ ഇറക്കുന്നത്. കേരളത്തിന്റെ സാഹിത്യം, സിനിമ, സാംസ്കാരികം, ചരിത്രം ഉൾപ്പെടെയുള്ള മേഖലകളിലുള്ളവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്. ഇഎംഎസ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, വിഷ്ണുനാരായണൻ നമ്പൂതിരി, ആറൻമുള പൊന്നമ്മ, ലളിതാംബിക അന്തർജനം, കെപിഎസി ലളിത, മാണി മാധവ ചാക്യാർ, ഒ.ചന്തുമേനോൻ, മന്നത്ത് പത്മനാഭൻ, സുഗതകുമാരി, വൈക്കം മുഹമ്മദ് ബഷീർ, ഭരത്ഗോപി, പ്രേംനസീർ അടക്കമുള്ളവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്. സവർക്കറുടെ ചിത്രമുള്ള ഫെബ്രുവരി പേജിലെ പ്രധാന ചിത്രം കെ.ആർ.നാരായണന്റേതാണ്. കേന്ദ്രമന്ത്രി സുരേഷ്ഗോപിക്ക് കൈമാറി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കലണ്ടർ പ്രകാശനം ചെയ്തു. ലോക്ഭവനിലായിരുന്നു ചടങ്ങ്. കലണ്ടര്‍ പ്രകാശനം ചെയ്യുന്ന ചിത്രങ്ങള്‍ ഗവര്‍ണറുടെ ഫെയ്സ്ബുക്ക് പേജിലും പങ്കിട്ടുണ്ട്. സുരേഷ്ഗോപിയും പോസ്റ്റ് പങ്കിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള രാജ്ഭവനുകളെ ലോക്ഭവനുകളെന്നും ലഫ്റ്റനന്റ് ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ് നിവാസുകളെ ലോക് നിവാസുകളെന്നും പുനർനാമകരണം ചെയ്യാൻ കഴിഞ്ഞ മാസം 25നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശമിറക്കിയത്.