ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ നടത്തിയ തമിഴ്‌നാട് സ്വദേശിയായ പ്രവാസി വ്യവസായി ഡി മണിയെ (ബാലമുരുകൻ) പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഡി മണി എന്നത് ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകനാണെന്ന് പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
കേരളത്തിൽ നിന്നുള്ള വിലപിടിപ്പുള്ള പഞ്ചലോഹ വിഗ്രഹങ്ങൾ അടക്കം അന്താരാഷ്ട്ര മാഫിയയുടെ സഹായത്തോടെ കടത്തിയിട്ടുണ്ടെന്നാണ് ഇയാൾ നൽകിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ഇയാളെ ഇന്ന് നേരിട്ട് ചോദ്യം ചെയ്യുന്നത്. ശബരിമലയിലെ സ്വർണ്ണം വിദേശത്തെ മാഫിയ സംഘങ്ങളിലേക്ക് എത്തുന്നുണ്ടെന്ന ആദ്യ സൂചനകൾ നൽകിയത് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. ഇതിനു പിന്നാലെയാണ് വ്യവസായിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.
അതേസമയം, കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. സർക്കാരിന്റെ വിശദീകരണം ലഭിച്ച ശേഷം കോടതി ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കും. അന്താരാഷ്ട്ര വിഗ്രഹക്കടത്ത് മാഫിയയ്ക്ക് ഈ സംഭവത്തിൽ പങ്കുണ്ടോ എന്ന കാര്യത്തിൽ ഡി മണിയുടെ ഇന്നത്തെ മൊഴി നിർണ്ണായകമാകും. പ്രത്യേക അന്വേഷണ സംഘം ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.