Share this Article
News Malayalam 24x7
സ്‌പീക്കർക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കും
Opposition to Move No-Confidence Motion Against Speaker

ലോക്സഭാ സ്പീക്കർ ഓം ബിർലക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സഭയിൽ സംസാരിക്കാൻ അനുവദിക്കാത്തതും എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിയും മുൻനിർത്തിയാണ് ഈ നിർണായക നീക്കം. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്റിലെ ഓഫീസിൽ ഇന്ന് രാവിലെ ചേർന്ന 'ഇന്ത്യ' സഖ്യത്തിന്റെ യോഗത്തിലാണ് സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ തീരുമാനമായത്.


രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയ്ക്കിടെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് മുൻ കരസേനാ മേധാവി എം.എം. നരവാനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധിയെ സ്പീക്കർ തടഞ്ഞതാണ് പ്രധാന പ്രതിഷേധത്തിന് കാരണം. കൂടാതെ, ആവശ്യമായ ചർച്ചകൾ അനുവദിക്കാതെ രാഷ്ട്രപതിയുടെ നന്ദിപ്രമേയം പാസാക്കിയതും സഭയിൽ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ ഏകപക്ഷീയമായി സസ്പെൻഡ് ചെയ്ത നടപടിയും പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നു. അവിശ്വാസ പ്രമേയത്തിനായുള്ള ഒപ്പുശേഖരണം പ്രതിപക്ഷ നിരയിൽ ആരംഭിച്ചതായും നോട്ടീസ് ഉടൻ തന്നെ ലോക്സഭാ സെക്രട്ടറി ജനറലിന് നൽകുമെന്നും വിവരം.


ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട വിഷയത്തിലും സഭയിൽ പ്രതിഷേധം തുടർന്നു. വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നൽകിയ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാതിരുന്നതും ബഹളത്തിന് കാരണമായി. പ്രതിഷേധത്തെത്തുടർന്ന് രാവിലെ 11 മണിക്ക് നിർത്തിവെച്ച ലോക്സഭാ നടപടികൾ ഉച്ചയ്ക്ക് 12 മണിയോടെയാണ് പുനരാരംഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories