Share this Article
News Malayalam 24x7
ജീൻസും ടോപ്പും ധരിച്ച് പുതിയ മേക്കോവറിൽ തമാശ പറഞ്ഞ് ജോളി, വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം
വെബ് ടീം
1 hours 7 Minutes Ago
1 min read
joly

കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച കൂടത്തായി കേസിലെ പ്രതി ജോളി പുതിയ മേക്കോവറിലാണ്. ജീന്‍സും ടോപ്പും അണിഞ്ഞ് ആത്മവിശ്വാസത്തോടെ പൊലീസുകാര്‍ക്കൊപ്പം എത്തിയ ജോളിയുടെ മേക്കോവര്‍ കാണാന്‍ ആളുകള്‍ എത്തിയതോടെ പൊലീസ് ഇവരെ കോടതിക്ക് അകത്തേയ്ക്ക് മാറ്റി.ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കിയ ജോളി പൊലീസിനോട് തമാശ പറയാനും ചിരിക്കാനും ഒക്കെ ശ്രമിക്കുന്നുണ്ട്. സ്‌പൈറല്‍ ബൈന്‍ഡ് ചെയ്ത ഒരുകെട്ട് പേപ്പറുകളും ജോളിയുടെ കൈയിലുണ്ട്. ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയാണ് ജോളി ജോസഫ്. കോഴിക്കോട് സബ്ജയിലില്‍ തടവില്‍ കഴിയുന്ന ജോളിയെ ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലിലേയ്ക്ക് കൊണ്ടുപോയിരുന്നു.

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ബിഎ ഹിസ്റ്ററി പരീക്ഷയാണ് ജോളി എഴുതുന്നത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമായിരുന്നു ജോളിയുടെ യോഗ്യത. 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കുടുംബാംഗങ്ങളായ ആറു പേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസിലാണ് ജോളി ജയില്‍ശിക്ഷ അനുഭവിക്കുന്നത്.

അതേ സമയം കേസിലെ വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ആര്‍ ഹരിദാസനാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ ഹരിദാസനെ വിസ്തരിക്കുന്നതിനിടയിലെ ഇടവേളയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. റോയ് തോമസ് വധക്കേസിലെ അവസാന വിചാരണയാണ് നടക്കുന്നത്.

കേസിൽ 130ലേറെ സാക്ഷികളെയാണ് ഇതിനോടകം വിസ്തരിച്ച് കഴിഞ്ഞത്. ജോളി പ്രതിയായ കേസുകളിൽ ആദ്യം വിധി പറയുക റോയ് വധക്കേസിലായിരിക്കും. 2011 സെപ്റ്റംബറിലായിരുന്നു റോയ് തോമസിന്റെ മരണം. ജോളി തന്റെ ആദ്യഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories