Share this Article
News Malayalam 24x7
ഇതാണോ ആറ്റംബോംബ്​; തോല്‍ക്കുമ്പോള്‍ രാഹുലിന്റെ നിലവിളി, ബിഹാർ വോട്ടെടുപ്പിന്​ മുമ്പ്​ ശ്രദ്ധതിരിക്കാനുള്ള കോൺഗ്രസ് തന്ത്രമെന്നും ബിജെപി
വെബ് ടീം
2 hours 9 Minutes Ago
1 min read
kiren rijju

ന്യൂഡല്‍ഹി: ഹരിയാന വോട്ടെടുപ്പില്‍ 25 ലക്ഷം കള്ളവോട്ടുകള്‍ നടന്നെന്ന രാഹുല്‍ ഗാന്ധിയുടെ വാദത്തിൽ പ്രതികരണവുമായി ബിജെപി.തന്റെ പരാജയങ്ങള്‍ മറച്ചുവയ്ക്കാന്‍ രാഹുല്‍ അസംബന്ധവും യുക്തിരഹിതവുമായ കാര്യങ്ങള്‍ ഉന്നയിക്കുകയാണെന്ന് കേന്ദ്രനിയമമന്ത്രി കിരണ്‍ റിജിജു. രാഹുലിന്‍റെ അവതരണവും അവകാശവാദങ്ങളും തീർത്തും വ്യാജമാണെന്ന്​ പറഞ്ഞ്​ തള്ളിക്കളഞ്ഞ റിജിജു, ബിഹാർ തിരഞ്ഞെടുപ്പിന്​ മുമ്പായി ആളുകളുടെ ശ്രദ്ധതിരിക്കാനുള്ള തന്ത്രമാണി​തെന്നും ആരോപണമുയർത്തി.

ദേശവിരുദ്ധ ശക്തികളുമായി ചേര്‍ന്നുകളിക്കുന്ന കളികള്‍ വിജയിക്കില്ലെന്നും ഇതായിരുന്നോ ആറ്റംബോംബെന്നും കിരണ്‍ റിജിജു ചോദിച്ചു. ഹരിയാനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് കോണ്‍ഗ്രസിനെ തോല്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.വിദേശത്തുപോയി രാജ്യത്തെയും ജനാധിപത്യസംവിധാനങ്ങളെയു അപകീര്‍ത്തിപ്പെടുത്തുകയാണ് രാഹുല്‍ ചെയ്യന്നത്.

പുതിയ തലമുറയെ പ്രകോപിപ്പിക്കാനാണ് രാഹുലിന്റെ ശ്രമം. എന്നാല്‍ ഈ രാജ്യത്തെ യുവജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അണിനിരക്കുന്നവരാണെന്നും റിജിജു വ്യക്തമാക്കി.വോട്ടര്‍പട്ടികയില്‍ ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ പരാതിയുമായി അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനയോ കോടതിയെയോ സമീപിക്കണമായിരുന്നു. എന്നാല്‍ രാഹുലോ കോണ്‍ഗ്രസോ അത് ചെയ്തില്ല. രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ അഭിമുഖീകരിക്കാതെ വിദേശത്തേക്ക് ഉല്ലാസയാത്ര പോകുന്നു. എന്നിട്ട് പാര്‍ട്ടി പരാജയപ്പെടുമ്പോള്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് നിലവിളിക്കുന്നു.

രാഹുല്‍ ഗാന്ധിക്ക് ജനങ്ങളിലേക്ക് ഇറങ്ങാനും കഠിനാധ്വാനം ചെയ്യാനും മടിയാണെന്നും റിജിജു കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി പരാജയങ്ങള്‍ ഉണ്ടായിട്ടും രാഹുല്‍ ഗാന്ധി പഠിക്കുന്നില്ലെന്നും റിജിജു പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories