സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലുമാണ് മഴയ്ക്ക് കൂടുതൽ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
കന്യാകുമാരി കടലിന് സമീപത്തായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ തുടരാൻ കാരണം. ഇത് വരും മണിക്കൂറുകളിൽ ശക്തി പ്രാപിച്ച് ന്യൂനമർദ്ദമായി മാറിയേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന.
തീരദേശ മേഖലയിലുള്ളവർക്കും മലയോര മേഖലയിലുള്ളവർക്കും പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോരങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസം പലയിടത്തും മഴ കുറവായിരുന്നെങ്കിലും മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് അധികൃതർ അറിയിച്ചു. നാളെയോടെ മഴയുടെ ശക്തി കുറയുമെന്നാണ് നിലവിലെ വിലയിരുത്തൽ.