Share this Article
KERALAVISION TELEVISION AWARDS 2025
മകനെയും കുടുംബത്തേയും ചുട്ടു കൊന്നു; ചീനിക്കുഴി കൊലപാതകക്കേസിൽ പ്രതി ഹമീദ് കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ
വെബ് ടീം
posted on 28-10-2025
1 min read
CHEENIKUZHY

തൊടുപുഴ ചീനിക്കുഴി കൊലപാതകത്തിൽ പ്രതി ഹമീദ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി മറ്റന്നാൾ പ്രഖ്യാപിക്കും. മകനെയും കുടുംബത്തേയും ചുട്ടു കൊന്ന കേസിലാണ് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞത്. 2022 മാർച്ച് 19ന് നടന്ന കേസിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം വിചാരണ വേഗത്തിൽ ആക്കുകയായിരുന്നു. പിതൃസ്വത്ത് ഹമീദിന്റെ പേരിൽ എഴുതി നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

മകനേയും രണ്ട് മക്കൾ അടങ്ങുന്ന കുടുംബത്തേയും പെട്രോൾ ഒഴിച്ച് ചുട്ടുകൊലപ്പെടുത്തുകയായിരുന്നു. പരമാവധി ശിക്ഷ നൽകണം എന്നും കൊലപാതകം പൊതുസമൂഹത്തെ ഞെട്ടിച്ചെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയുടെ പ്രായം പരിഗണിക്കണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ശിക്ഷ പരമാവധി കുറക്കണമെന്നും നിയമവിരുദ്ധമായി പെട്രോൾ വാങ്ങിച്ചു സൂക്ഷിച്ചതാണ് അപകട കാരണമെന്നും പ്രതിഭാഗം കോടതിയിൽ‌ വാദിച്ചു. പ്രതിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ ശ്വസംമുട്ടലും, പൈൽസും, ആരോഗ്യപ്രശ്നങ്ങളുംഉണ്ടെന്നായിരുന്നു  പ്രതി ഹമീദിന്റെ മറുപടി.

ഹമീദിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്റു, അസ്ന എന്നിവരാണ് മരിച്ചത്. കൊലപാതകം നടത്തുന്നതിനായി ഹമീദ് പെട്രോള്‍ നേരത്തെ കരുതിയിരുന്നു. മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്. തീ പിടിത്തം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിക്കും എന്നതിനാല്‍, വീട്ടിലേയും അയല്‍ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടിരുന്നു. മോട്ടര്‍ അടിച്ച് വെള്ളം ലഭ്യമാകാതിരിക്കാന്‍ വൈദ്യുതിയും വിച്ഛേദിച്ചു. വീടിന്റെ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടി. ശേഷം ജനലിലൂടെ പെട്രോള്‍ അകത്തേക്ക് എറിഞ്ഞ് തീ വയ്ക്കുകയായിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories