ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ പ്രതിയായ എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനും മുന്‍ ദേവസ്വം കമ്മീഷണറുമായ എന്‍ വാസു , ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നാം പ്രതിയാണ്. പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എന്‍ വാസു ദേവസ്വം കമ്മീഷണറായിരുന്ന കാലയളവിലാണ് രേഖകളില്‍ കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വാസുവിന്റെ ശുപാര്‍ശയിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ വാസു വിരമിച്ച ശേഷമാണ് പ്രായോജകന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതെന്നും മുരാരി ബാബു നല്‍കിയ കത്ത് ദേവസ്വം ബോര്‍ഡിന് കൈമാറുക മാത്രമാണ് ചെയ്തത് എന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.