വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരമായി. മുൻ ആരോഗ്യ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ ഇത്തവണ പേരാവൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടും. മട്ടന്നൂരിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയായ ശൈലജ ടീച്ചറെ പേരാവൂരിലേക്ക് മാറ്റാൻ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനമെടുത്തത്.
യുഡിഎഫിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പേരാവൂരിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും കെ.കെ. ശൈലജയും തമ്മിലുള്ള തീപാറുന്ന പോരാട്ടത്തിനാകും ഇത്തവണ സാക്ഷ്യം വഹിക്കുക. കുടിയേറ്റ കർഷകർക്കും മതന്യൂനപക്ഷങ്ങൾക്കും നിർണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് പേരാവൂർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിന് വിജയിച്ച ശൈലജ ടീച്ചറെ കളത്തിലിറക്കുന്നതിലൂടെ പേരാവൂർ മണ്ഡലം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ്. ആദ്യം മട്ടന്നൂരിൽ തന്നെ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പാർട്ടി താല്പര്യം മുൻനിർത്തി ടീച്ചർ പേരാവൂരിലേക്ക് മാറുകയായിരുന്നു.
കെ.കെ. ശൈലജയുടെ മണ്ഡലമായ മട്ടന്നൂരിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനൂജ് മത്സരിക്കും. യുവ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സനൂജിനെ ഇവിടെ പരിഗണിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററുടെ പത്നി പി.കെ. ശ്യാമളയാണ് തളിപ്പറമ്പിലെ സ്ഥാനാർത്ഥി. എൻ. സുകന്യയുടെ പേര് ആദ്യം പരിഗണനയിൽ വന്നെങ്കിലും സംസ്ഥാന കമ്മിറ്റിയുടെ ഇടപെടലോടെ ശ്യാമളയുടെ പേര് ഉറപ്പിക്കുകയായിരുന്നു.കാരായി രാജൻ തലശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
അതേസമയം, സ്പീക്കർ എ.എൻ. ഷംസീർ ഇത്തവണ മത്സരരംഗത്തുണ്ടാകുമോ എന്ന കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ല. കോവിഡ് കാലത്തെ മികച്ച പ്രവർത്തനങ്ങളും കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങളും പ്രചാരണ വിഷയമാക്കി മണ്ഡലങ്ങൾ പിടിച്ചെടുക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. ശൈലജ ടീച്ചറുടെ ജനപ്രീതി പേരാവൂരിൽ വോട്ടായി മാറുമെന്ന വലിയ പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം.