Share this Article
News Malayalam 24x7
മുഖ്യമന്ത്രി ചർച്ചയിലെ നിർണായക ചിത്രം പുറത്ത്, KPCC പ്രസിഡന്റിന്റെ പിന്തുണ കെ.സി.വേണുഗോപാലിന്?
AICC Observers Submit Final Report to Mallikarjun Kharge


കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണ്ണായക റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഹൈക്കമാൻഡിന് കൈമാറി. നിരീക്ഷകരായ അജയ് മാക്കനും മുകൾ വാസ്നിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. നിയുക്ത എംഎൽഎമാരുടെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ റിപ്പോർട്ട്.


കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരുടെ പട്ടിക പുറത്തുവന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, സന്ദീപ് വാര്യർ, സജീവ് ജോസഫ് തുടങ്ങിയ പ്രമുഖ നേതാക്കൾ വേണുഗോപാലിനെ പിന്തുണയ്ക്കുന്നു എന്നാണ് സൂചന. എന്നാൽ, താൻ ആർക്കും അനുകൂലമായി നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. അതേസമയം, സന്ദീപ് വാര്യർ ഇതുവരെ വാർത്തകൾ തള്ളിക്കളഞ്ഞിട്ടില്ല.


ഭൂരിഭാഗം ഘടകകക്ഷികളും വി.ഡി സതീശന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് വിവരം. എംഎൽഎമാരുടെ പിന്തുണയുടെ കാര്യത്തിൽ കെ.സി വേണുഗോപാലിന് മുൻതൂക്കമുണ്ടെങ്കിലും സതീശന് ജനകീയ പിന്തുണയുണ്ടെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നു. ഇതിനിടെ വി.ഡി സതീശന്റെ ഫ്ലെക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ച സംഭവം കോൺഗ്രസിനുള്ളിലെ അസ്വസ്ഥതകൾ തെരുവിലേക്ക് പടരുന്നതിന്റെ സൂചനയായി.


അന്തിമ തീരുമാനത്തിനായി വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എന്നിവരെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഇവരുമായി നടത്തുന്ന ചർച്ചകൾക്ക് ശേഷം നാളെയോടെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories