പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസം സന്ദർശനം രണ്ടാം ദിവസവും തുടരുന്നു. ഇന്ന് രാവിലെ അദ്ദേഹം ബോർഗാവിലുള്ള രക്തസാക്ഷി സ്മാരകം സന്ദർശിക്കുകയും പുഷ്പചക്രം അർപ്പിച്ച് ആദരമർപ്പിക്കുകയും ചെയ്യും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ സ്മരണ പുതുക്കുന്നതിനായാണ് സ്മാരക സന്ദർശനം.
തുടർന്ന് ദിബ്രുഗഡ് ജില്ലയിൽ നടക്കുന്ന വികസന പരിപാടികളിൽ അദ്ദേഹം പങ്കുചേരും. അസം വാലി ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽ ലിമിറ്റഡിന്റെ അമോണിയ-യൂറിയ വളം പദ്ധതിയുടെ ഭൂമിപൂജ പ്രധാനമന്ത്രി നിർവഹിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കർഷകർക്ക് ഈ പദ്ധതി വലിയ ആശ്വാസമാകുമെന്ന് മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. കൃഷി മേഖലയുടെ ഉന്നമനവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത്.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലും അസമിലും നടന്ന പൊതുപരിപാടികളിൽ പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. വികസന പദ്ധതികളെ തടസ്സപ്പെടുത്തുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അസമിന്റെ സമഗ്ര വികസനത്തിനായുള്ള വിവിധ പദ്ധതികളുടെ പ്രഖ്യാപനവും പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഉണ്ടാകും. വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.