എത്യോപ്യയിലെ ഹെയ്‌ലി ഗബ്ബി അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് ഇന്ത്യൻ ആകാശത്ത് രൂപപ്പെട്ട ചാരമേഘങ്ങൾ പൂർണ്ണമായും ഒഴിഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെ ചാരമേഘങ്ങൾ ചൈനീസ് വ്യോമമേഖലയിലേക്ക് നീങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) അറിയിച്ചു. ഇതോടെ ഇന്ത്യയിലെ വിമാന ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തി.
10,000 വർഷങ്ങൾക്ക് ശേഷം ഞായറാഴ്ചയാണ് ഹെയ്‌ലി ഗബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. ഇതിനെത്തുടർന്നുണ്ടായ പുകയും ചാരവും കിലോമീറ്ററുകളോളം ഉയരത്തിലും ദൂരത്തിലും വ്യാപിച്ചിരുന്നു. ചാരമേഘം ഇന്ത്യൻ വ്യോമമേഖലയിൽ പ്രവേശിച്ചതോടെ വ്യോമഗതാഗതത്തെ അത് സാരമായി ബാധിച്ചു. ഇരുപതിലേറെ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കുകയും പലതും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.
ജനവാസമില്ലാത്ത മേഖലയിലായതിനാൽ അഗ്നിപർവ്വത സ്ഫോടനത്തിൽ ആൾനാശമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, ചാരമേഘങ്ങൾ വിമാനങ്ങളുടെ എഞ്ചിനുകളെ തകരാറിലാക്കുമെന്ന ആശങ്കയെ തുടർന്നാണ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നത്. ചാരമേഘങ്ങൾ ഒഴിഞ്ഞെങ്കിലും ഡിജിസിഎയുടെ നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു.