കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയിനെതിരെ നടപടികൾ കടുപ്പിച്ച് സിബിഐ. കേസിലെ സുപ്രധാന നീക്കമെന്ന നിലയിൽ വിജയ് പ്രചാരണത്തിനായി ഉപയോഗിച്ചിരുന്ന വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു. പനയൂരിലെ ടിവികെ ഓഫീസിൽ നിന്നാണ് ദുരന്തസമയത്ത് വിജയ് ഉപയോഗിച്ച വാഹനം പിടിച്ചെടുത്തത്. നിലവിൽ ഈ വാഹനം കരൂരിലെ സിബിഐ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
നേരത്തെ, ഈ മാസം 12-ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജയിന് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വാഹനം പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് സിബിഐ കടന്നത്.
12-ാം തീയതി നടക്കുന്ന ചോദ്യം ചെയ്യലിൽ വിജയ് ഹാജരാകുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. നോട്ടീസിനോട് ഇതുവരെ വിജയ് വിയോജിപ്പൊന്നും പ്രകടിപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, അന്വേഷണവുമായി അദ്ദേഹം സഹകരിക്കുമെന്നാണ് കരുതുന്നത്. ചോദ്യം ചെയ്യലിന് മുന്നോടിയായി പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്തത് അന്വേഷണത്തിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.