ശബരിമലയിൽ നിന്ന് കടത്തിയ സ്വർണ്ണം കർണാടകയിലെ ബെല്ലാരിയിൽ നിന്ന് കണ്ടെത്തിയതായി സൂചന. മോഷണം പോയ സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയ ഗോവർധൻ എന്നയാളുടെ ബെല്ലാരിയിലെ റോഡം ജ്വല്ലറിയിൽ നിന്നാണ് കണ്ടെത്തിയതെന്നാണ് വിവരം.
പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിന് പിന്നാലെയാണ് ഈ നിർണായക വിവരം പുറത്തുവരുന്നത്. ബംഗളൂരുവിലെ റോഡം ജ്വല്ലറിയുടെ ഉടമയാണ് ഗോവർധൻ. ഇയാൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തും അയ്യപ്പ ഭക്തനുമാണെന്ന് പറയുന്നു. ജ്വല്ലറി പൂട്ടിയ നിലയിലായിരുന്നു. പൂട്ടിയ ജ്വല്ലറിക്കുള്ളിൽ സ്വർണ്ണം സൂക്ഷിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന.
ഏകദേശം 400 ഗ്രാമോളം സ്വർണ്ണമാണ് ശബരിമലയിൽ നിന്ന് മോഷണം പോയതെന്നാണ് കണക്കാക്കുന്നത്. ഈ സ്വർണ്ണത്തിന്റെ ഒരു ഭാഗം ബെല്ലാരിയിലെ റോഡം ജ്വല്ലറിയിൽ നിന്ന് കണ്ടെടുക്കാൻ സാധിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. എന്നാൽ, മോഷണം പോയ മുഴുവൻ സ്വർണ്ണവും ഇവിടെ നിന്ന് ലഭിച്ചോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അന്വേഷണത്തിന്റെ രഹസ്യാത്മകത നിലനിർത്തിക്കൊണ്ടാണ് വിവരങ്ങൾ പുറത്തുവിടുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും ബംഗളൂരുവിലെ ശ്രീരാംപുരയിലുള്ള ഒരു അയ്യപ്പ ക്ഷേത്രത്തിൽ വെച്ചാണ് പരിചയപ്പെട്ടതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.