Share this Article
Union Budget
‘നാപാം ഗേൾ’ ചിത്രമെടുത്തയാളുടെ പേരിന്റെ സ്ഥാനത്ത് ഇനിമുതൽ ‘അറിയില്ല’ എന്നെഴുതും; നിക്ക് ഊട്ടിന്റെ പേരിലുള്ള ചിത്രത്തിന്റെ ക്രെഡിറ്റ് നീക്കി വേൾഡ് പ്രസ് ഫോട്ടോ
വെബ് ടീം
8 hours 36 Minutes Ago
1 min read
“Napalm Girl”

വാഷിങ്ടൻ: വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത ലോകത്തിനു തുറന്നുകാട്ടിയ വിശ്വവിഖ്യാതമായ ‘നാപാം ഗേൾ’ ചിത്രത്തിന്റെ ക്രെഡിറ്റ് വേൾഡ് പ്രസ് ഫോട്ടോ സംഘടന നീക്കി. ‘നാപാം പെൺകുട്ടി’യുടെ ചിത്രമെടുത്ത ഫൊട്ടോഗ്രഫർ എന്ന പദവിയിൽനിന്ന് വിയറ്റ്നാംകാരൻ നിക്ക് ഊട്ടിനെയാണ് നീക്കിയത്. ചിത്രം പകർത്തിയ ഫൊട്ടോഗ്രഫർ ആരാണെന്ന സംശയങ്ങൾ ഉയർന്നതിനെ തുടർന്നാണ് നടപടി. ചിത്രമെടുത്തയാളുടെ പേരിന്റെ സ്ഥാനത്ത് ഇനിമുതൽ ‘അറിയില്ല’ എന്നു കുറിക്കും.ആരാണ് ഫോട്ടോയെടുത്തത് എന്നത് സംശയത്തിലായിരിക്കുന്നെന്നും 70 വർ‌ഷമായി ഫോട്ടോ ജേണലിസത്തിൽ മൂല്യാധിഷ്ഠിത മാനദണ്ഡങ്ങൾക്കായി നിലകൊള്ളുന്ന സംഘടന ഇക്കാര്യത്തിൽ വസ്തുതകളും തെളിവുകളും മാനിച്ച്, നിക്ക് ഊട്ടിന്റെ പേര് നീക്കുകയാണെന്നും  വേൾഡ് പ്രസ് ഫോട്ടോ അറിയിച്ചു

.ഫോട്ടോയ്ക്ക് അന്നു നൽകിയ പുരസ്കാരത്തിന് ഒരു മാറ്റവുമില്ല. ഫൊട്ടോഗ്രഫർ ആര് എന്നതിൽ മാത്രമാണ് പുനരവലോകനമെന്നും അവർ വ്യക്തമാക്കി.20–ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ 100 ഫോട്ടോകളിൽ 41–ാം സ്ഥാനത്തുള്ള ചിത്രമാണ് ‘ദ് ടെറർ ഓഫ് വാർ’ എന്നും പേരുള്ള ‘നാപാം ഗേൾ’. തെക്കൻ വിയറ്റ്നാമിൽ യുഎസിന്റെ നാപാം ബോംബാക്രമണത്തിൽ പൊള്ളലേറ്റു കരഞ്ഞുകൊണ്ട് ഓടുന്ന കിം ഫുക്ക് എന്ന 9 വയസ്സുകാരിയാണ് ചിത്രത്തിലുള്ളത്. 1973 ലെ വേൾഡ് പ്രസ് ഫോട്ടോ പുരസ്കാരവും സ്പോട്ട് ന്യൂസ് ഫൊട്ടോഗ്രഫിക്കുള്ള പുലിറ്റ്സർ സമ്മാനവും നേടിയ ചിത്രം നിക്ക് ഊട്ടിനെ ലോകപ്രശസ്തനാക്കി.

വിവാദ ഡോക്യുമെന്ററിക്കു ശേഷവും ഫോട്ടോ താനെടുത്തതാണെന്ന നിലപാടിൽ ഉറച്ചു നി‍ൽക്കുകയാണ് നിക്ക് ഊട്ട്.അസോഷ്യേറ്റ് പ്രസ് (എപി) സ്റ്റാഫ് ഫൊട്ടോഗ്രഫറായ നിക്ക് ഊട്ട് അല്ല ചിത്രം പകർത്തിയതെന്നും മറിച്ച്, പ്രാദേശിക ഫ്രീലാൻസർ ഫൊട്ടോഗ്രഫറായ നോയൻ ടാൻ നെ ആണെന്നുമാണ് വാദം. യുഎസിലെ യൂട്ടായിൽ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ‘ദ് സ്ട്രിങ്ങർ’ എന്ന ഡോക്യൂമെന്ററിയാണ് ഫ്രീലാൻസ് ഫൊട്ടോഗ്രഫർ നോയൻ ടാൻ നെ ആണ് ചിത്രമെടുത്തതെന്ന് അവകാശപ്പെട്ടത്. ഗാരി നൈറ്റും സംഘവും തയാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദർശനത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ നോയൻ ടാൻ നെ പങ്കെടുത്തിരുന്നു. താനാണു നാപാം പെൺകുട്ടിയായ കിം ഫുക്കിന്റെ പടമെടുത്തതെന്നാണ് അദ്ദേഹം പറഞ്ഞത്.1972 ജൂൺ 8ന് ആണു ചിത്രമെടുത്തത്. എൻബിസി വാർത്താസംഘത്തിനൊപ്പമാണു ട്രാങ് ബാങ് നഗരത്തിൽ പോയത്. നിലവിളിച്ചോടി വന്ന 9 വയസ്സുകാരിയായ കിം ഫുക്കിന്റെ ചിത്രമെടുത്തത് അവിടെവച്ചാണ്. 20 ഡോളറിനു പടം എപിക്കു വിൽക്കുകയായിരുന്നു. സത്യം കണ്ടെത്താനായി 2 വർഷത്തിലേറെ നീണ്ട അന്വേഷണമാണു നടത്തിയതെന്ന് ഡോക്യുമെന്ററിയുടെ സംവിധായകൻ പറഞ്ഞു.

എന്നാൽ, ഈ അവകാശവാദം വ്യാജമാണെന്നും ഡോക്യുമെന്ററിയോടു യോജിക്കുന്നില്ലെന്നും കാനഡയിലുള്ള ‘നാപാം ഗേൾ’ കിം ഫുക് പ്രതികരിച്ചിരുന്നു.നിക്ക് ഊട്ട് തന്നെയാണു ഫോട്ടോയെടുത്തതെന്നും ഇക്കാര്യം അന്വേഷണത്തിൽ ബോധ്യപ്പെട്ടതാണെന്നുമുള്ള നിലപാടാണ് എപിയുടേത്. മറ്റു തെളിവുകൾ ഉണ്ടെങ്കിൽ കൈമാറാൻ ഡോക്യുമെന്ററിയുടെ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാർത്താ ഏജൻസി വക്താവ് പറഞ്ഞിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories