Share this Article
KERALAVISION TELEVISION AWARDS 2025
തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടി; ഇടതു മുന്നണി യോഗം ഇന്ന്
Crucial LDF Meeting Today in Thiruvananthapuram to Review Local Election Setback

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇടതുമുന്നണി (എൽ.ഡി.എഫ്) യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സിപിഐ(എം) ആസ്ഥാനമായ എ.കെ.ജി സെന്ററിൽ നടക്കുന്ന യോഗം തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ വിലയിരുത്തും.തോൽവിയുടെ കാരണങ്ങളെക്കുറിച്ച് സിപിഐ, സിപിഐ(എം) സംസ്ഥാന സമിതി യോഗങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നുവന്നത്.

സിപിഐ(എം) കണക്കുകൾ നിരത്തി പാർട്ടിക്കുണ്ടായ തിരിച്ചടിയെ ലഘൂകരിക്കാനാണ് ശ്രമിച്ചത്. പാർട്ടിക്ക് വലിയ പരാജയമുണ്ടായിട്ടില്ലെന്നും, വോട്ട് വിഹിതം കുറഞ്ഞിട്ടില്ലെന്നും, 68 നിയമസഭാ മണ്ഡലങ്ങളിൽ ഇപ്പോഴും മുന്നണിയാണ് ലീഡ് ചെയ്യുന്നതെന്നുമുള്ള വാദഗതികളാണ് സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം എം.വി. ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞത്. താഴെത്തട്ടിൽ മാറ്റമുണ്ടാക്കാനുള്ള ശ്രമത്തിലാണ് പാർട്ടി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


എന്നാൽ, സിപിഐ ഇന്നലെ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ശക്തമായ വിമർശനമാണ് ഉയർത്തിയത്. ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം എന്ന് സിപിഐ തുറന്നു പറഞ്ഞു. മുഖ്യമന്ത്രിയുടെ ചില നിലപാടുകളും, എടുത്ത തീരുമാനങ്ങളും അണികളെയും അനുഭാവികളെയും ഇടതുമുന്നണിയിൽ നിന്ന് അകറ്റി. കൂടാതെ, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് വോട്ട് വലിയ തരത്തിൽ കുറഞ്ഞു എന്നും സിപിഐ വിലയിരുത്തി. ശബരിമല, ആഗോള അയ്യപ്പ സംഗമം തുടങ്ങിയ വിഷയങ്ങളും പരാജയത്തിന്റെ കാരണങ്ങളായി സി.പി.ഐ ഉന്നയിച്ചു.


നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്ന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, സിപിഐ, സിപിഐ(എം) പാർട്ടികളുടെ ഈ ഭിന്നാഭിപ്രായം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ എൽ.ഡി.എഫ് യോഗം ഏറെ നിർണായകമാണ്. മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള ചില തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടായേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories