ന്യുഡല്‍ഹി: വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ഫയലുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. മോദി തന്റെ ഉപദേശപ്രകാരം പ്രവർത്തിച്ചെന്നും ട്രംപിനുവേണ്ടി ഇസ്രയേലിൽ പോയെന്നുമായിരുന്നു എപ്സ്റ്റീന്റെ ഇ മെയിലിലെ പരാമർശം. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഉള്‍പ്പെട്ടത് പ്രതിപക്ഷം വിമര്‍ശനായുധമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിക്കുന്ന ഇമെയില്‍ സന്ദേശങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടുവെന്നും എന്നാല്‍ ഇത് തികച്ചും അടിസ്ഥാനരഹിതമായ ജല്പനങ്ങളാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രി 2017 ജൂലൈയില്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു എന്നതൊഴിച്ചാല്‍, ഫയലുകളിലെ മറ്റ് സൂചനകള്‍ ഒരു കുറ്റവാളിയുടെ വെറും പാഴ്വാക്കുകള്‍ മാത്രമാണെന്നും അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും വക്താവ് രണ്‍ധീര്‍ സിങ് ജയ്സ്വാള്‍ അറിയിച്ചു.
ഈ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇതൊരു 'ദേശീയ അപമാനമാണെന്ന്' കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. എപ്സ്റ്റീനിൽ നിന്ന് എന്ത് ഉപദേശമാണ് തേടിയതെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഈ പുതിയ രേഖകളില്‍ മൂന്ന് ദശലക്ഷത്തിലധികം പേജുകള്‍, 2,000-ലധികം വീഡിയോകള്‍, 1.8 ലക്ഷം ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. മുന്‍പ് പുറത്തുവിടാതെ മാറ്റിവെച്ചിരുന്ന രേഖകളാണ് ഇപ്പോള്‍ വെബ്‌സൈറ്റിലൂടെ പരസ്യമാക്കിയിരിക്കുന്നത്. ഡെപ്യൂട്ടി യുഎസ് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചിന്റെ നേതൃത്വത്തിലാണ് ഈ വിപുലമായ വിവരശേഖരം പുറത്തുവിട്ടത്.