തിരുവനന്തപുരം: വിവാദ ചിത്രം 'ദ കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. കേരളത്തെ അപമാനിക്കാനും വിദ്വേഷം പടർത്താനുമുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണ് ഈ സിനിമ. ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. ചിത്രത്തിന്റെ ടീസർ പുറത്തുവന്ന പശ്ചാത്തലത്തിൽ വാർത്താക്കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
വസ്തുതകളുമായി ബന്ധമില്ലാത്തതും നുണകൾ മാത്രം ഉൽപ്പാദിപ്പിക്കുന്നതുമായ സംഘപരിവാർ ഫാക്ടറിയുടെ മറ്റൊരു ഉൽപ്പന്നമാണ് ഈ സിനിമയെന്ന് മന്ത്രി ആരോപിച്ചു. മതേതരത്വത്തിന് മാതൃകയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിച്ച് ലോകത്തിന് മുന്നിൽ മോശമായി കാണിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. അന്വേഷണ ഏജൻസികളും കോടതികളും തള്ളിക്കളഞ്ഞ 'ലവ് ജിഹാദ്' പോലുള്ള വ്യാജ ആരോപണങ്ങൾ ആവർത്തിച്ച് വിദ്വേഷം പടർത്താനാണ് സിനിമ ലക്ഷ്യമിടുന്നത്.
വർഗീയ ധ്രുവീകരണത്തിലൂടെ കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ മുറിവേൽപ്പിക്കാനാണ് നീക്കം. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് വർഗീയ വിഷവിത്തുകൾ വിതയ്ക്കാനുള്ള ഇത്തരം ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ നീക്കമാണിതെന്നും രാഷ്ട്രീയ ലാഭത്തിനായി വ്യാജവാദങ്ങൾ എഴുന്നള്ളിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.