തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി 2029 ഓടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എം ഡി ലോക്‌നാഥ് ബെഹ്‌റ. അലൈന്‍മെന്റ് മാറ്റമുള്ളതു കൊണ്ടു മുന്‍പ് തയാറാക്കിയ ഡിപിആറില്‍ കുറച്ചു മാറ്റങ്ങള്‍ ആവശ്യമാണ്. അക്കാര്യം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ എംഡിയുമായി സംസാരിച്ചു. ഒന്നരമാസത്തിനുള്ളില്‍ അവര്‍ ഡിപിആര്‍ തയാറാക്കി നല്‍കും. ആറു മാസം കൊണ്ട് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എണ്ണായിരം കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് ആറ്റിങ്ങല്‍ വരെയും നെയ്യാറ്റിന്‍കര വരെയും വികസിപ്പിക്കാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ പുതുക്കിയ അലൈൻമെൻ്റിന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിരുന്നു.