Share this Article
News Malayalam 24x7
ഹിന്ദി ഹൃദയഭൂമിയില്‍ ഇന്ത്യാ മുന്നണിയുടെ പടയോട്ടം; ബിജെപിക്ക് തിരിച്ചടി
India Front's War in the Hindi Heartland; A setback for the BJP
ഹിന്ദി ഹൃദയഭൂമിയില്‍ ഇന്ത്യാ മുന്നണിയുടെ പടയോട്ടം ബിജെപിക്ക് തിരിച്ചടിയായി.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ വിജയം കൊയ്ത പല പ്രമുഖര്‍ക്കും അടി തെറ്റി.ആദ്യ റൗണ്ടുകളില്‍ വാരണാസിയും കൈവിടുമെന്ന പ്രതീതി ജനിപ്പിച്ച ശേഷമാണ് മൂന്നാമൂഴത്തില്‍ മോദിക്കും കാലുറപ്പിക്കാനായത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 3 ലക്ഷത്തിലധികമായിരുന്നു മോദിയുടെ ഭൂരിപക്ഷമെങ്കില്‍, രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്റെ അജയ് റായെക്കാള്‍ ഒന്നര ലക്ഷം വോട്ടേ ഇക്കുറി മോദിക്ക് ഭൂരിപക്ഷമുള്ളൂ. എന്നാല്‍ 7,44,716 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് അമിത് ഷായുടെ വിജയം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം പക്ഷേ അമേഠിയില്‍ സ്മൃതി ഇറാനിക്ക് തുണയായില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കിശോരി ലാല്‍ സ്മൃതിയെ പരാജയപ്പെടുത്തിയത് ഒന്നര ലക്ഷത്തിന്റെ വ്യക്തമായ ഭൂരിപക്ഷത്തിലാണ്.

റായ്ബറേലിയിലും വയനാട്ടിലും വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച് രാഹുല്‍ ഗാന്ധിയും വിജയക്കൊടി നാട്ടി. വയനാട്ടില്‍ 3,64,422 വോട്ടിനായിരുന്നു ജയമെങ്കില്‍ റായ്ബറേലിയില്‍ നാലു ലക്ഷത്തിനടുത്ത് വരെയെത്തി രാഹുലിന്റെ ലീഡ്. സുല്‍ത്താന്‍പൂരില്‍ ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങിയ മനേകാ ഗാന്ധിയെ സമാജ് വാദി പാര്‍ട്ടിയുടെ രംഭ്വല്‍ നിഷാദ് 43,174 വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്.

ലഖ്‌നൗവില്‍ നിന്ന് ജനവിധി തേടിയ കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് 1,18,934 വോട്ടുകള്‍ക്ക് ജയിച്ചു.പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബറില്‍ മത്സരിച്ച മംമ്തയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി 7 ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ജയം ഉറപ്പിച്ചത്.വിവാദങ്ങള്‍ക്കു ശേഷം ജനവിധി തേടിയ മഹുവ മൊയ്ത്രയും അര ലക്ഷത്തിലധികം വോട്ടുകള്‍ക്ക് ജയിച്ചു.

ബഹ്‌റംപൂരില്‍ പശ്ചിമബംഗാള്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ അധീര്‍ രജ്ഞന്‍ ചൗധരിയെ തൃണമൂലിന്റെ യൂസഫ് പത്താന്‍ 85,459 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.മുര്‍ഷിദാബാദില്‍ നിന്ന് ജനവിധി നേടിയ സിപിഎം അധ്യക്ഷന്‍ മുഹമ്മദ് സാലിമിനും ജയം അകലെയായി.

തൃണമൂലിന്റെ അബു താഹിര്‍ ഖാന്‍ 1,64,215 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ചുകയറി. കര്‍ണാടകയിലെ ഹസനില്‍ മത്സരിച്ച, ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രേയസ് എം പട്ടേല്‍ 42000 ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories