Share this Article
News Malayalam 24x7
സർക്കാരിന് തിരിച്ചടി; നവകേരള സർവേ ഹൈക്കോടതി റദ്ദാക്കി
Kerala High Court Quashes Navakerala Survey

സംസ്ഥാന സർക്കാരിന്റെ വിവാദമായ 'നവകേരള സർവേ' (പീപ്പിൾസ് റെസ്‌പോൺസ് പ്രോഗ്രാം) നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി. സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഈ ഉത്തരവ്.

സർവേയ്ക്കായി 20 കോടി രൂപ അനുവദിച്ച നടപടിയിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായി കോടതി നിരീക്ഷിച്ചു. മതിയായ ധനകാര്യ അനുമതിയോ ബജറ്റ് വകയിരുത്തലോ ഇല്ലാതെയാണ് ഇത്രയും വലിയ തുക സർവേയ്ക്കായി മാറ്റിവെച്ചതെന്ന് കോടതി കണ്ടെത്തി. സർവേ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്.


കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ മുബാസ് ഓടക്കാലി എന്നിവർ നൽകിയ ഹർജികൾ പരിഗണിച്ചാണ് കോടതിയുടെ സുപ്രധാന വിധി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ ഫണ്ട് ഉപയോഗിച്ച് സിപിഎമ്മിന്റെ രാഷ്ട്രീയ നേട്ടത്തിനായി വിവരശേഖരണം നടത്താനാണ് സർവേ ലക്ഷ്യമിടുന്നതെന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു.


സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും ജനങ്ങളുടെ അഭിപ്രായം തേടാനെന്ന പേരിൽ വോളന്റിയർമാരെ വീടുകളിലേക്കയച്ച് വിവരങ്ങൾ ശേഖരിക്കുന്നത് അധികാര ദുർവിനിയോഗമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ ഈ സർവേ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. എന്നാൽ വിശദമായ വാദങ്ങൾക്കൊടുവിൽ പദ്ധതി പൂർണ്ണമായും റദ്ദാക്കാൻ ഡിവിഷൻ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്ന് കോടതി റദ്ദാക്കിയത് ഭരണപക്ഷത്തിന് വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories