അലഹബാദ്: രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണങ്ങളിൽ പരിശോധന ആവശ്യമാണെന്ന് അലഹബാദ് ഹൈക്കോടതി. ഇക്കാര്യത്തിൽ ഉത്തർപ്രദേശ് സർക്കാർ നേരിട്ട് അന്വേഷണം നടത്തണമെന്നും അല്ലെങ്കിൽ കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്നും ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് നിർദ്ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും കോടതി ഉത്തരവിട്ടു.
ലഖ്‌നൗവിലെ പ്രത്യേക എംപി/എംഎൽഎ കോടതി ജനുവരി 28-ന് പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ബിജെപി പ്രവർത്തകനായ എസ് വിഗ്നേഷ് ശിശിർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തര്. രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന വിഗ്നേഷിന്റെ അപേക്ഷ കീഴ്ക്കോടതി നേരത്തെ തള്ളിയിരുന്നു. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി അന്ന് അപേക്ഷ നിരസിച്ചത്.ഹർജിയിൽ ഉന്നയിച്ചിട്ടുള്ള ആശങ്കകൾ കണക്കിലെടുത്ത ഹൈക്കോടതി, ഈ വിഷയത്തിൽ കൃത്യമായ സ്ഥിരീകരണം ആവശ്യമാണെന്ന് വ്യക്തമാക്കി. നിയമപരമായ രീതിയിൽ ഈ പ്രശ്നം പരിശോധിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കോടതി സംസ്ഥാന അധികാരികളോട് നിർദ്ദേശിച്ചു.