Share this Article
News Malayalam 24x7
ആറാം ക്ലാസുകാരിയെ വാട്ട്സ്ആപ്പ് വഴി 20 ലക്ഷം രൂപയ്ക്ക് വിൽപനയ്ക്ക് വച്ചു; യുവതിയും കൂട്ടാളിയും പിടിയിൽ
വെബ് ടീം
5 hours 22 Minutes Ago
1 min read
whatsapp

മൈസൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികവൃത്തിക്കായി വിൽപനയ്ക്കു വച്ച സെക്സ് റാക്കറ്റ് സംഘം കർണാടകയിൽ  പിടിയിൽ. 20 ലക്ഷം രൂപയ്ക്ക് ആറാം ക്ലാസുകാരിയെ വാട്സാപ്പിലൂടെ വിൽപനയ്ക്കു വച്ചതിനു പിന്നാലെയാണ് മൈസൂരു പൊലീസ് ഇവരെ പിടികൂടിയത്. മൈസൂരു സിറ്റി പൊലീസും ഒരു സന്നദ്ധ സംഘടനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബെംഗളൂരു സ്വദേശികളായ ശോഭ, തുൾസി കുമാർ എന്നിവർ അറസ്റ്റിലായത്.

കന്യകയായിട്ടുള്ള പെൺകുട്ടികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ മാനസികരോഗം അടക്കമുള്ള രോഗം ഭേദമാകുമെന്ന അന്ധവിശ്വാസം പ്രചരിപ്പിച്ചാണ് സെക്സ് റാക്കറ്റ് സംഘം പ്രവർത്തിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. പെൺകുട്ടിയുടെ ചിത്രവും വിഡിയോയും വാട്സാപ് വഴി ആവശ്യക്കാരന് അയച്ചുകൊടുക്കുന്നതാണ് ഇവരുടെ രീതിയെന്നും പൊലീസ് പറഞ്ഞു.ഇതറിഞ്ഞ സന്നദ്ധ സംഘടനയിലെ ഒരംഗം ‘ആവശ്യക്കാരൻ’ എന്ന വ്യാജേന ശോഭയുമായി ബന്ധം സ്ഥാപിക്കുകയും കുട്ടിയുടെ ചിത്രം വാട്സാപ്പിൽ അയച്ചു തരാൻ ആവശ്യപ്പെടുകയുമായിരുന്നു.

ശനിയാഴ്ച രണ്ടു മണിയോടെ സന്നദ്ധ സംഘടനയിലെ അംഗം പറഞ്ഞ സ്ഥലത്ത് കുട്ടിയെ എത്തിക്കാമെന്നും പറഞ്ഞു. തുടർന്ന്, സംഘടനാ പ്രവർത്തകർ പൊലീസിനെ വിവരം അറിയിക്കുകയും ഇവരെ പിടികൂടുകയുമായിരുന്നു. പൊലീസ് പിടികൂടിയപ്പോൾ ആദ്യം ആറാം ക്ലാസുകാരി മകളാണെന്നാണ് ശോഭ പറഞ്ഞത്. പിന്നീട് വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തുൾസി കുമാർ ശോഭയുടെ ഭർത്താവാണെന്ന് പൊലീസ് അറിയിച്ചു. നിലവിൽ ശിശുക്ഷേമ പ്രവർത്തകരുടെ സംരക്ഷണയിലാണ് പെൺകുട്ടി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories