ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുകയാണ്. വെള്ളാരംകുന്നിൽ റോഡിലേക്ക് വീണ മൺകൂനയിലേക്ക് ബൈക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. പറപ്പിള്ളി വീട്ടിൽ തങ്കച്ചനാണ് മരിച്ചത്. ശനിയാഴ്ച രാത്രി 12 മണിയോടെ കുമളി-ആനവിലാസം റോഡിലാണ് അപകടമുണ്ടായത്. കല്ലും മണ്ണും നിറഞ്ഞ റോഡ് ശ്രദ്ധയിൽപ്പെടാതെ സ്കൂട്ടർ ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണമായത്.
ഇടുക്കിയിലെ പലയിടങ്ങളിലും മലവെള്ളപ്പാച്ചിലും വെള്ളക്കെട്ടും രൂക്ഷമാണ്. കുമളി, നെടുങ്കണ്ടം, കട്ടപ്പന എന്നിവിടങ്ങളിൽ നൂറുകണക്കിന് വീടുകളിലും കടകളിലും വെള്ളം കയറി.] പല സ്ഥലങ്ങളിലും ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.] 2018-ലെ പ്രളയത്തിൽ വെള്ളം കയറാത്ത പ്രദേശങ്ങളിൽ പോലും ഇത്തവണ വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.30 അടിയിലെത്തി. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം തുറന്നുവിട്ടു. കല്ലാർ ഡാമിന്റെ ഷട്ടറുകളും പൂർണ്ണമായി ഉയർത്തി.
കുമളി ടൗൺ, ഹോളിഡേ ഹോം പരിസരം, വലിയകണ്ടം, ഒന്നാം മൈൽ, പെരിയാർ കോളനി എന്നിവിടങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.m കൂടാതെ, കൂട്ടാറിൽ നിർത്തിയിട്ടിരുന്ന ഒരു ട്രാവലർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. കട്ടപ്പനക്ക് സമീപം ഉരുൾപൊട്ടിയതായും സംശയമുണ്ട്.അടിമാലിയിൽ മണ്ണിടിച്ചിലുണ്ടായി വീടിനു മുകളിലേക്ക് മണ്ണ് പതിച്ചു.
ജില്ലാ ഭരണകൂടം അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിലും മഴ ശക്തമായി തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.