ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് ഒരു ക്രിമിനൽ ഗൂഢാലോചനാ കേസ് കൂടി രജിസ്റ്റർ ചെയ്തു. എൻഐഎ അന്വേഷിക്കുന്ന കേസിന് പുറമെയാണ് ഡൽഹി പൊലീസ് പ്രത്യേക സെല്ല് ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഡോ. റയീസ് അഹമ്മദ് എന്ന സർജനെ പത്താൻകോട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു.
ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ എവിടെയാണ് ഗൂഢാലോചന നടന്നത് എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ ഡോ. റയീസ് അഹമ്മദിന് ഉമർ നബിയുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് എൻഐഎ പറയുന്നത്. ഇയാൾ പലതവണ അൽഫലാ യൂണിവേഴ്സിറ്റിയിലേക്ക് വിളിച്ചതായും വിവരങ്ങളുണ്ട്.
ഹരിയാനയിലെ നൂഹിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ പൊലീസ് പരിശോധന നടത്തുകയാണ്. ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികളെ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിച്ചിരുന്നു. ഡോക്ടർമാരായ മുസമ്മിൽ, ആദിൽ, ഷഹീൻ എന്നിവരാണ് നിലവിൽ എൻഐഎ കസ്റ്റഡിയിലുള്ളത്. ഇവരുടെ ബന്ധങ്ങളും ഗൂഢാലോചനയുടെ വിശദാംശങ്ങളും ചോദ്യം ചെയ്യലിലൂടെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.