കശുവണ്ടി കോർപ്പറേഷൻ അസംസ്‌കൃത തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിക്കൊണ്ട് പുറപ്പെടുവിച്ച ആദ്യ സർക്കാർ ഉത്തരവിലെ പരാമർശങ്ങളിൽ വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു ഐഎഎസിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ഹൈക്കോടതി. ഉത്തരവിലുടനീളം പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, "എന്തൊരു വിഡ്ഢിത്തമാണിത് നിങ്ങൾ ചെയ്യുന്നത്?" (What nonsense are you doing?) എന്ന് പരസ്യമായി ചോദിച്ചു. കെ. ബിജു ഐഎഎസിനെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ച ജസ്റ്റിസ് എ. ബദറുദ്ദീൻ ഉൾപ്പെട്ട സിംഗിൾ ബെഞ്ച്, വരുന്ന മറ്റന്നാൾ (വെള്ളിയാഴ്ച) കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ അദ്ദേഹത്തോട് നിർദ്ദേശിച്ചു.
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റും കശുവണ്ടി കോർപ്പറേഷൻ മുൻ ചെയർമാനുമായ ആർ. ചന്ദ്രശേഖരൻ, മുൻ മാനേജിങ് ഡയറക്ടർ കെ.എ. രതീഷ് എന്നിവരെ വിചാരണ ചെയ്യാൻ അനുമതി നൽകി ജൂലൈ രണ്ടിന് പുറത്തിറക്കിയ ഉത്തരവാണ് വലിയ വിവാദമായത്. ഈ ഉത്തരവിന്റെ പകർപ്പ് വായിച്ച ജസ്റ്റിസ് ബദറുദ്ദീൻ തികഞ്ഞ അസംതൃപ്തി രേഖപ്പെടുത്തി. "ഈ ഉത്തരവ് വായിച്ചാൽ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥൻ എഴുതിയതാണെന്ന് തോന്നില്ല, മറിച്ച് കേസിലെ പ്രതി തന്നെയാണ് ഇത് തയ്യാറാക്കി നൽകിയതെന്ന് തോന്നിപ്പോകും," കോടതി അഭിപ്രായപ്പെട്ടു.
ഇത്തരമൊരു ഉത്തരവ് ഒപ്പിട്ട് പുറത്തിറക്കിയ കെ. ബിജു ഐഎഎസ് അദ്ദേഹത്തിന്റെ നിലവിലെ പദവിയിലിരിക്കാൻ യോഗ്യനല്ലെന്നും കോടതി നിരീക്ഷിച്ചു. ഒരു പ്രത്യേക ഐഎഎസ് ഉദ്യോഗസ്ഥനിലൂടെ പ്രതികൾ വ്യവസായ വകുപ്പ് ഭരിക്കുകയാണെന്ന അതീവ ഗുരുതരമായ വിമർശനവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
സർക്കാരിന്റെ ഈ വിവാദ പ്രോസിക്യൂഷൻ ഉത്തരവ് ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിന് തൊട്ടുമുൻപ് തന്നെ കേസിലെ പ്രധാന പ്രതിയായ ആർ. ചന്ദ്രശേഖരന് ലഭിച്ചിരുന്നു. ഉത്തരവിന്റെ പകർപ്പുമായി വാർത്താസമ്മേളനം നടത്തിയ പ്രതി, ഇതിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി താൻ നിരപരാധിയാണെന്ന് വാദിക്കുകയും ഹൈക്കോടതിയെ അവഹേളിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു. കോടതിയുടെ കടുത്ത നിർബന്ധത്തിന് വഴങ്ങിയാണ് സർക്കാർ അനുമതി നൽകിയതെന്ന രീതിയിലുള്ള പരാമർശങ്ങൾ ഈ ഉത്തരവിലുണ്ടായിരുന്നു.ഈ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഹർജിക്കാരനായ കടകംപള്ളി മനോജ് ഫയൽ ചെയ്ത കോടതിയലക്ഷ്യ ഉപഹർജിയിലാണ് കോടതി ഇപ്പോൾ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്.
കോടതി നിലപാട് കടുപ്പിക്കുമെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും മനസ്സിലാക്കിയതോടെ അഡ്വക്കറ്റ് ജനറലിന്റെ (AG) കർശന നിർദ്ദേശപ്രകാരം വിവാദ പരാമർശങ്ങളെല്ലാം ഒഴിവാക്കി ജൂലൈ ആറിന് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. പുതിയ ഉത്തരവിൽ കോടതിവിരുദ്ധ വരികളെല്ലാം നീക്കം ചെയ്തിട്ടുണ്ടെങ്കിലും, ആദ്യ ഉത്തരവിലെ ഗുരുതരമായ വീഴ്ചയ്ക്ക് മറുപടി നൽകാൻ കെ. ബിജു നേരിട്ട് ഹാജരാകണമെന്ന തീരുമാനത്തിൽ കോടതി ഉറച്ചുനിൽക്കുകയാണ്.
ഇതോടെ വരും ദിവസങ്ങളിൽ കെ. ബിജു ഐഎഎസിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകുന്ന രീതിയിലേക്കാണ് കശുവണ്ടി അഴിമതിക്കേസ് നീങ്ങുന്നത്. കേസിലെ മുൻ വ്യവസായ വകുപ്പ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ കേസും കോടതിയുടെ സജീവ പരിഗണനയിലാണ്.