Share this Article
News Malayalam 24x7
പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
PSC Planning Board Exam Irregularities

സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷാ മൂല്യനിർണയത്തിൽ ഉണ്ടായ ഗുരുതര ക്രമക്കേടിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന വിജിലൻസ് അന്വേഷണത്തിന് ഇന്ന് അന്തിമ തീരുമാനമുണ്ടാകും. ഇന്ന് രാവിലെ ചേരുന്ന മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയിൽ നടക്കുന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും നിയമവകുപ്പും സർക്കാരിന് നിയമോപദേശം നൽകിയിട്ടുണ്ട്.

ഭരണഘടനാപരമായ പദവിയുള്ള സ്ഥാപനമായതിനാൽ പിഎസ്‌സിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നതിൽ നിയമപരമായ തടസ്സങ്ങളുണ്ടോ എന്ന് വ്യക്തമാക്കാനാണ് ആഭ്യന്തരവകുപ്പ് നിയമോപദേശം തേടിയിരുന്നത്. എന്നാൽ, അഴിമതി നിരോധന നിയമപ്രകാരമുള്ള വിജിലൻസ് അന്വേഷണത്തിന് മുൻകൂർ അനുമതി തേടേണ്ടതില്ലെന്നാണ് ലഭിച്ചിരിക്കുന്ന സുപ്രധാന നിയമോപദേശം. നിയമ സെക്രട്ടറി ഈ ഫയലിൽ ഒപ്പുവെച്ചതോടെ വിജിലൻസ് അന്വേഷണവുമായി മുന്നോട്ടു പോകാനാണ് സർക്കാരിന്റെ തീരുമാനം.

സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ), പ്ലാനിങ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ്, പേഴ്സ്പെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ് എന്നീ മൂന്ന് പ്രധാന തസ്തികകളിലേക്ക് നടത്തിയ പരീക്ഷയുടെ മൂല്യനിർണയത്തിലാണ് അട്ടിമറി കണ്ടെത്തിയത്. പരീക്ഷയുടെ 100 മാർക്കിൽ 58 മാർക്കിന്റെ ഉത്തരങ്ങൾ (9 മുതൽ 18 വരെയുള്ള ചോദ്യങ്ങൾ) മൂല്യനിർണയം നടത്താതെയാണ് പിഎസ്‌സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതും നിയമനം നടത്തിയതും. ഓൺ സ്ക്രീൻ മാർക്കിങ് രീതിയിലുള്ള മൂല്യനിർണയത്തിൽ സംഭവിച്ച സാങ്കേതിക പിഴവാണ് ഇതെന്നായിരുന്നു പിഎസ്‌സിയുടെ വിശദീകരണമെങ്കിലും, ഉദ്യോഗാർത്ഥി വിവരാവകാശ നിയമപ്രകാരം ഉത്തരക്കടലാസ് വാങ്ങി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്.

വിഷയം വിവാദമായതിനെ തുടർന്ന് ആഭ്യന്തര വിജിലൻസ് എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്താൻ പിഎസ്‌സി ബോർഡ് തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് കമ്മീഷൻ അറിയാതെ ഈ അന്വേഷണം മരവിപ്പിച്ച്, പരീക്ഷാ കൺട്രോളർക്ക് ചുമതല നൽകിയ ചെയർമാൻ ഡോ. എം.ആർ. ബൈജുവിന്റെ നടപടി കമ്മീഷൻ അംഗങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചു.


ചെയർമാൻ കമ്മീഷനെ കബളിപ്പിച്ചുവെന്നും അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ഇടതുപക്ഷ അനുഭാവമുള്ള കമ്മീഷൻ അംഗങ്ങൾ തന്നെ കുറ്റപ്പെടുത്തി. ഒടുവിൽ ആഭ്യന്തര തർക്കങ്ങൾക്കൊടുവിൽ പരീക്ഷാ കൺട്രോളറുടെ അന്വേഷണം അവസാനിപ്പിക്കുകയും വീണ്ടും ആഭ്യന്തര വിജിലൻസ് എസ്പിക്ക് തന്നെ അന്വേഷണ ചുമതല നൽകുകയും ചെയ്യുകയായിരുന്നു.


അതിനിടെ, പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ കമ്മീഷന്റെ വിശ്വാസ്യത തകർന്നുവെന്നും ചെയർമാൻ എം.ആർ. ബൈജു ഉടൻ രാജി വെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് തിരുവനന്തപുരത്ത് സംഘർഷത്തിൽ കലാശിച്ചിരുന്നു. കമ്മീഷൻ തട്ടിപ്പിന് പിന്നിലുള്ളവരെ സംരക്ഷിക്കുകയാണെന്നും കേസിൽ അടിയന്തരമായി സമഗ്ര പൊലീസ് അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ, ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്മെന്റ്, കെഎഎസ് (KAS) തുടങ്ങിയ മുൻകാല നിയമനങ്ങളിലെ പരാതികളും വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് വിവിധ വകുപ്പ് മന്ത്രിമാർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്നത്തെ മന്ത്രിസഭായോഗത്തിന്റെ തീരുമാനം ഏറെ നിർണായകമാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories