Share this Article
News Malayalam 24x7
ടി വീണയുടെ കണ്ണൂരിലെ ഭൂമി പരിശോധിച്ച് ED
Enforcement Directorate Inspects T Veena's Property in Kannur's Pinarayi

മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ കണ്ണൂർ പിണറായിയിലുള്ള ഭൂമിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അപ്രതീക്ഷിത പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെയായിരുന്നു വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിൽ ഇഡി സംഘം സ്ഥലത്തെത്തി നേരിട്ട് പരിശോധന നടത്തിയത്.

പിണറായിയിലുള്ള വീണയുടെ ഉടമസ്ഥതയിലുള്ള 80 സെന്റ് ഭൂമിയും വീടിനോട് ചേർന്നുള്ള മറ്റ് വസ്തുക്കളുമാണ് അന്വേഷണസംഘം പരിശോധിച്ചത്. വില്ലേജ് ഓഫീസറുടെ പക്കൽ നിന്നുള്ള ഭൂമിയുടെ ആധാരവും മറ്റ് സുപ്രധാന രേഖകളും ഒത്തുനോക്കിയായിരുന്നു പരിശോധന. ഭൂമിയുടെ നികുതി അടച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഇഡി ഉദ്യോഗസ്ഥർ വില്ലേജ് ഓഫീസിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ഭൂമിയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ഇഡിയുടെ നീക്കം.


കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ (CMRL) നിന്നും ടി. വീണയുടെ ഐടി കമ്പനിയായ എക്‌സാലോജിക്സ് മാസപ്പടി കൈപ്പറ്റിയെന്ന കേസിൽ ഇതിനോടകം തന്നെ രണ്ട് തവണ ഇഡി വീണയെ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷവും സാമ്പത്തിക സ്രോതസ്സുകളുമായി ബന്ധപ്പെട്ട ചില വിവരങ്ങളിൽ വ്യക്തത വരാനുണ്ടെന്നാണ് സൂചന. ഈ പശ്ചാത്തലത്തിൽ വീണയെ മൂന്നാം തവണയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന വിവരങ്ങൾ പുറത്തുവരുന്നതിനിടയിലാണ് കണ്ണൂരിലെ ഭൂമിയിടപാടുകളിലേക്ക് കൂടി ഇഡി അന്വേഷണം വ്യാപിപ്പിക്കുന്നത്.


നേരത്തെ ടി. വീണയുടെ ബാങ്ക് ലോക്കറുകളും ഇഡി ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. കേസിൽ കൂടുതൽ ഡിജിറ്റൽ തെളിവുകളും സാമ്പത്തിക ഇടപാട് രേഖകളും ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിശോധനകളെന്നാണ് ഇഡി നൽകുന്ന വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories