Share this Article
News Malayalam 24x7
അജിത് കുമാര്‍ കേസ് ഡയറി തിരുത്താന്‍ നിര്‍ദേശിച്ചെന്ന് SIT കണ്ടെത്തി; നടപടിയെടുക്കാതെ DGP
Alappuzha Case Diary Alteration

വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ആലപ്പുഴ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിയിൽ, എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിൽ വൻ പ്രതിഷേധം. അന്വേഷണത്തിന് നേതൃത്വം നൽകിയ ക്രൈംബ്രാഞ്ച് എസ്‌.പി ഷൗക്കത്തലി അതീവ രഹസ്യ സ്വഭാവമുള്ള അന്തിമ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ച് രണ്ട് ആഴ്ച പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

യു.ഡി.എഫ് സർക്കാർ അധികാരമേറ്റയുടൻ ആദ്യ മന്ത്രിസഭാ യോഗത്തിൽ രൂപീകരിച്ച എസ്.ഐ.ടിയാണ് കേസ് അട്ടിമറിയിൽ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ കണ്ടെത്തിയത്. എന്നാൽ ഡി.ജി.പി തലത്തിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം ഈ മാസം ചേരാനിരിക്കെ, അജിത് കുമാറിനെ സംരക്ഷിക്കാനായി റിപ്പോർട്ട് പൂഴ്ത്തുകയാണെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങളിൽ നിന്നുള്ള ആക്ഷേപം.


കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ച കേസിലാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്. ഇത് 'രക്ഷാപ്രവർത്തനം' മാത്രമാണെന്ന തരത്തിൽ റിപ്പോർട്ട് എഴുതിയുണ്ടാക്കാൻ അജിത് കുമാർ നിയമവിരുദ്ധമായി ഇടപെട്ടെന്നാണ് എസ്.ഐ.ടി കണ്ടെത്തൽ.


അന്വേഷണം നടത്തിയ ആലപ്പുഴ ഡിവൈ.എസ്.പി സുനിൽ രാജിനെ എ.ഡി.ജി.പി തന്റെ ഓഫീസിലേക്ക് മൂന്ന് തവണ രഹസ്യമായി വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയും മർദ്ദന ദൃശ്യങ്ങൾ ഇല്ലെന്ന് കാട്ടി കേസ് ഡയറി നിർബന്ധപൂർവ്വം തിരുത്തിക്കുകയുമായിരുന്നു. അജിത് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് തങ്ങൾ ഫയലുകൾ തിരുത്തിയതെന്ന് അദ്ദേഹത്തിന്റെ ഓഫീസിലുണ്ടായിരുന്ന രണ്ട് ഗ്രേഡ് എസ്.ഐമാർ എസ്.ഐ.ടിക്ക് മുന്നിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. എ.ഡി.ജി.പി ഓഫീസിലെ കമ്പ്യൂട്ടറുകളുടെ ഹാർഡ് ഡിസ്ക് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയും എസ്.ഐ.ടി അട്ടിമറി സ്ഥിരീകരിച്ചിരുന്നു.



ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് രേഖകൾ തിരുത്തിയ എ.ഡി.ജി.പിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന ശക്തമായ ശുപാർശയോടെയാണ് എസ്.ഐ.ടി റിപ്പോർട്ട് നൽകിയിരുന്നത്. എന്നാൽ, റിപ്പോർട്ട് പുറത്തുവന്നിട്ടും ഡി.ജി.പി തുടർനടപടികളിലേക്ക് കടക്കാത്തത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഡി.ജി.പി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്ന സ്ക്രീനിങ് കമ്മിറ്റി യോഗം ചേരുന്നത് വരെ റിപ്പോർട്ട് ബോധപൂർവ്വം മാറ്റിവെച്ചതാണെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ ഈ വിഷയത്തിൽ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories