Share this Article
News Malayalam 24x7
CPIM സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും
CPIM State Secretariat Meeting Today

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കും അതിനു പിന്നാലെയുണ്ടായ മുന്നണിയിലെ ആഭ്യന്തര തർക്കങ്ങൾക്കും ഇടയിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പ് തോൽവിയിലെ അന്തിമ അവലോകന റിപ്പോർട്ട് തയ്യാറാക്കുക എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ടയെങ്കിലും, പ്രതിപക്ഷ ഉപനേതൃ പദവിയെ ചൊല്ലിയുള്ള സി.പി.ഐ - സി.പി.ഐ.എം തർക്കവും യോഗത്തിൽ പ്രധാന ചർച്ചയാകും.

തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ഒരു എൽ.ഡി.എഫ് യോഗം പോലും വിളിച്ചുചേർത്ത് തോൽവി വിലയിരുത്താത്തതിൽ സി.പി.ഐ അടക്കമുള്ള ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തിയുണ്ട്. ഇന്നത്തെ സി.പി.ഐ.എം സെക്രട്ടേറിയറ്റ് യോഗത്തിൽ മുന്നണി യോഗം വിളിച്ചു ചേർക്കുന്ന തീയതി സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.


പ്രതിപക്ഷ നിരയിലെ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ തങ്ങൾക്ക് പ്രതിപക്ഷ ഉപനേതൃ പദവി വേണമെന്ന ശക്തമായ ആവശ്യത്തിലാണ് സി.പി.ഐ. എന്നാൽ ഈ പദവി വിട്ടുനൽകാൻ തയ്യാറല്ലെന്നാണ് സി.പി.ഐ.എം വ്യക്തമാക്കുന്നത്. വി.എസ്. അച്യുതാനന്ദന്റെ കാലം മുതൽ പ്രതിപക്ഷ ഉപനേതാവായി സി.പി.ഐ.എം തന്നെയാണ് ഉണ്ടായിരുന്നതെന്നും അതാണ് കീഴ്‌വഴക്കമെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഓർമ്മിപ്പിച്ചു.


എന്നാൽ ആത്മാഭിമാനം ആർക്ക് മുന്നിലും പണയം വെക്കാനില്ലെന്നും, കീഴ്‌വഴക്കങ്ങൾ ആവശ്യമെങ്കിൽ മാറണമെന്നുമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ മറുപടി. മുൻപ് കസേരകൾ പുല്ലുപോലെ വലിച്ചെറിഞ്ഞ ചരിത്രമുള്ള പാർട്ടിയാണ് സി.പി.ഐ എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.


തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇതുവരെയും ഇടതുമുന്നണി യോഗം ചേരാത്തതിൽ സി.പി.ഐ അടക്കം കടുത്ത പ്രതിഷേധത്തിലാണ്. ഇന്നലെ എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ സി.പി.ഐ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. മുന്നണിയിലെ ഭിന്നതകളും പരാജയ കാരണം സംബന്ധിച്ച പരസ്യ പ്രതികരണങ്ങളും ഇടതുപക്ഷത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇന്നത്തെ യോഗം.


ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം ഞായർ, തിങ്കൾ ദിവസങ്ങളിലായി സി.പി.ഐ.എം സംസ്ഥാന സമിതി യോഗവും ചേരും. തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരരുതെന്നും പാർട്ടി സെക്രട്ടറി സ്ഥാനമൊഴിയണമെന്നുമുള്ള ആവശ്യങ്ങൾ താഴെത്തട്ടിലെ ചില കമ്മിറ്റികളിൽ നിന്ന് ഉയർന്നിട്ടുള്ളതിനാൽ വരും ദിവസങ്ങളിലെ സി.പി.ഐ.എം യോഗങ്ങൾ അതീവ നിർണായകമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories