Share this Article
News Malayalam 24x7
ഖമനേയിയുടെ വിലാപ യാത്രയ്ക്ക് ഇറാനില്‍ തുടക്കം
Ayatollah Ali Khamenei Funeral Procession Begins in Tehran, Iran

 ഇസ്രയേൽ - യു.എസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്രയ്ക്ക് കഴിഞ്ഞ ദിവസം ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽ തുടക്കമായി. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ ലക്ഷക്കണക്കിന് ആളുകളാണ് തെഹ്‌റാൻ തെരുവുകളിൽ ഖമനേയിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ തടിച്ചുകൂടിയത്.

ഇറാൻ പതാക പുതപ്പിച്ച ഖമനേയിയുടെയും ഒപ്പം കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ അടങ്ങിയ പെട്ടികൾ ഒരു ട്രക്കിലാണ് തെഹ്‌റാനിലൂടെ കൊണ്ടുപോയത്. തെഹ്‌റാനിലെ പ്രശസ്തമായ ഇമാം ഹൊസൈൻ ചതുരത്തിൽ നിന്നും ആസാദി ചതുരത്തിലേക്കായിരുന്നു ആദ്യ ഘട്ട വിലാപയാത്ര. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഭൗതികശരീരം വിശുദ്ധ നഗരമായ കോമിലേക്ക് (Qom) എത്തിച്ചു. തുടർന്ന് ഇറാഖിലെ പുണ്യ നഗരങ്ങളായ നജാഫിലും കർബലയിലും സമാനമായ ചടങ്ങുകൾ നടക്കും. വ്യാഴാഴ്ച ഖമനേയിയുടെ ജന്മസ്ഥലമായ മഷാദിലാണ് (Mashhad) സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.


37 വർഷത്തോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന 86-കാരനായ അലി ഖമനേയിയും കുടുംബാംഗങ്ങളും കഴിഞ്ഞ ഫെബ്രുവരി 28-ന് തെഹ്‌റാനിലെ അദ്ദേഹത്തിന്റെ വസതിക്ക് നേരെ നടന്ന യു.എസ് - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലാണ് കൊല്ലപ്പെടുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങളാൽ നാല് മാസത്തോളം വൈകിച്ച ശേഷമാണ് ഇപ്പോൾ സംസ്കാര ചടങ്ങുകൾ വിപുലമായി സംഘടിപ്പിക്കുന്നത്.


യു.എസുമായുള്ള സമാധാന ചർച്ചകൾ പശ്ചാത്തലത്തിൽ നടക്കുന്നുണ്ടെങ്കിലും, ഖമനേയിയുടെ വിലാപയാത്ര കനത്ത അമേരിക്കൻ - ഇസ്രയേൽ വിരുദ്ധ പ്രതിഷേധങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ ലക്ഷക്കണക്കിന് ആളുകൾ പ്രതികാരത്തിന്റെ പ്രതീകമായ ചുവന്ന പതാകകൾ വീശിയും "ഡെത്ത് ടു അമേരിക്ക", "കിൽ ട്രംപ്" തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് പ്രയാണത്തിൽ പങ്കെടുത്തത്.


ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, വിവിധ വിദേശ പ്രതിനിധികൾ, ഉന്നത സൈനിക മേധാവികൾ എന്നിവർ അന്ത്യോപചാര ചടങ്ങുകളിൽ പങ്കെടുത്തു. എന്നാൽ ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമനേയി (Mojtaba Khamenei) ഇതുവരെ ചടങ്ങുകളിൽ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമായി. യുദ്ധത്തെയും സാമ്പത്തിക പ്രതിസന്ധികളെയും അതിജീവിച്ച് രാജ്യത്തിന്റെ കെട്ടുറപ്പ് പ്രകടിപ്പിക്കാനുള്ള അവസരമായാണ് ഇറാൻ ഭരണകൂടം ഈ വിലാപയാത്രയെ കാണുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories