അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കാണിക്ക എണ്ണുന്ന മുറിയിൽ വ്യാപകവും ആസൂത്രിതവുമായ പണം തട്ടിപ്പ് നടന്നതായും സുരക്ഷാ മേൽനോട്ടത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2026 ഏപ്രിൽ 27 മുതൽ ജൂൺ അഞ്ച് വരെയുള്ള കാലയളവിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് മോഷണത്തിന്റെ വിവരങ്ങൾ ലഭിച്ചത്. പണം എണ്ണുന്നതിനിടെ ജീവനക്കാർ നോട്ടുകെട്ടുകളും നാണയങ്ങളും വസ്ത്രത്തിനുള്ളിലും പോക്കറ്റുകളിലും ഷൂസിലും ഒളിപ്പിച്ചു കടത്തുന്നത് ദൃശ്യങ്ങളിലുണ്ട്. ഈ കാലയളവിൽ മാത്രം സംശയാസ്പദമായ 70-ഓളം ദൃശ്യങ്ങളാണ് എസ്.ഐ.ടി കണ്ടെത്തിയത്. ഇത്തരത്തിൽ വസ്ത്രങ്ങളിൽ ഒളിപ്പിക്കുന്ന പണം പിന്നീട് ബാത്റൂമുകളിലും മറ്റും താൽക്കാലികമായി ഒളിപ്പിച്ച ശേഷമാണ് പുറത്തേക്ക് കടത്തിയിരുന്നത്. കുറഞ്ഞ ശമ്പളമുള്ള ജീവനക്കാരുടെ അക്കൗണ്ടുകളിൽ വരുമാനത്തിൽ കവിഞ്ഞ വലിയ തുകകളുടെ നിക്ഷേപങ്ങൾ ഉണ്ടായതും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
പണം എണ്ണുന്ന സ്ഥലത്ത് പാലിക്കേണ്ട അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും അവഗണിക്കപ്പെട്ടതാണ് തട്ടിപ്പിന് വഴിവെച്ചതെന്ന് എസ്.ഐ.ടി വ്യക്തമാക്കുന്നു. കാണിക്ക എണ്ണുന്ന മുറിയുടെ പ്രവേശന കവാടങ്ങളിലും പുറത്തുപോകുന്ന വഴികളിലും ജീവനക്കാരെ ശാരീരിക പരിശോധനയ്ക്ക് (Frisking) വിധേയമാക്കിയിരുന്നില്ല. പോക്കറ്റുകളില്ലാത്ത വസ്ത്രം ധരിക്കണമെന്ന നിബന്ധന ലംഘിക്കപ്പെട്ടു. കൂടാതെ വ്യക്തിഗത ബാഗുകൾ ഈ മുറിയിലേക്ക് കൊണ്ടുപോകാൻ അനുവദിക്കുകയും ഒന്നിലധികം കാണിക്കപ്പെട്ടികളിലെ പണം ഒരുമിച്ച് എണ്ണുകയും ചെയ്തത് തിരിമറിക്ക് സഹായകമായി.
അതേസമയം, രാമക്ഷേത്രത്തിൽ നിന്ന് വെള്ളി കട്ടികളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കാണാതായെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, സ്വർണ്ണ-വെള്ളി വഴിപാടുകൾ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ടെന്നും എസ്.ഐ.ടി വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണത്തിന് തൊട്ടുമുമ്പ് ജീവനക്കാരിൽ നിന്നായി 78.94 ലക്ഷം രൂപയാണ് എസ്.ഐ.ടി വീണ്ടെടുത്തത്. ജൂൺ നാലിന് എണ്ണൽ മുറിയോട് ചേർന്നുള്ള ബാത്റൂമിൽ നിന്ന് 2.25 ലക്ഷം രൂപയും കണ്ടെടുത്തു. കേസിൽ ഇതുവരെ പ്രധാന പ്രതിയായ അവിനാഷ് ശുക്ല ഉൾപ്പെടെ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവിനാഷ് ശുക്ലയിൽ നിന്ന് 20.39 ലക്ഷം രൂപയും കരുണേഷ് പാണ്ഡെയിൽ നിന്ന് 18.07 ലക്ഷം രൂപയും അനുകൽപ് മിശ്രയിൽ നിന്ന് 16.82 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിന് പുറമെ വിദേശ കറൻസികളും കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവർ തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് രാജി സമർപ്പിച്ചു. ഇന്നലെ ചേർന്ന ട്രസ്റ്റ് യോഗം ഇവരുടെ രാജി അംഗീകരിച്ചു. കൃഷ്ണ മോഹൻ താൽക്കാലിക ചുമതല ഏറ്റെടുത്തിട്ടുണ്ട്.
കൂടാതെ ക്ഷേത്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും സുരക്ഷയ്ക്കും കൂടുതൽ മേൽനോട്ടം ഉറപ്പാക്കാൻ ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ (CEO) നിയമിക്കാനും ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. സി.ഇ.ഓയെ തിരഞ്ഞെടുക്കാൻ മുൻ ചീഫ് ജസ്റ്റിസ് പ്രമോദ്, വിഷ്ണുകാന്ത് ചതുർവേദി, സുരേഷ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ നൽകിയ പൊതുതാത്പര്യ ഹർജി കോടതി തള്ളി. നിലവിലെ പൊലീസ്/എസ്.ഐ.ടി അന്വേഷണം തൃപ്തികരമാണെന്നും മറ്റൊരു അന്വേഷണ ഏജൻസിയുടെ ആവശ്യമില്ലെന്നുമാണ് യോഗി സർക്കാരും കോടതിയെ അറിയിച്ചത്.