Share this Article
image
പാവപ്പെട്ടവന് വേണ്ടി ഉഴിഞ്ഞുവെച്ച മനുഷ്യായുസ്സെന്ന് എംവി ഗോവിന്ദൻ; പാര്‍ട്ടിയുടെ ഒടുവിലത്തെ സമ്പത്ത്;അവസാനമായി നല്ലവാക്കുകള്‍ പറഞ്ഞാണ് പിരിഞ്ഞതെന്ന് സി ദിവാകരന്‍
വെബ് ടീം
posted on 08-12-2023
1 min read
MV GOVINDAN AND C DIVAKARAN IN MEMORY OF KANAM RAJENDRAN

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മാസങ്ങളായി അസുഖബാധിതനായി ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. രോഗവിവരങ്ങൾ അന്വേഷിച്ച സമയത്ത് ആവേശത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. മുറിവെല്ലാം ഉണങ്ങുന്നുവെന്നും ആശ്വാസമുണ്ടെന്നും പറഞ്ഞു. ഉടൻ ആശുപത്രി വിടാനാവുമെന്നും പ്രവ‍ര്‍ത്തനത്തിലെത്താനാവുമെന്നും പറഞ്ഞിരുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

നേരിൽ കണ്ടതിലും മെച്ചമാണെന്ന് ഇന്നലെ കാനത്തിന്റെ മകൻ പറഞ്ഞിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. മകനും കാനം വേഗത്തിൽ ആശുപത്രി വിടുമെന്നാണ് പറഞ്ഞത്. ആകസ്മികമായാണ് മരണ വാര്‍ത്ത കേട്ടത്. കാനം രാജേന്ദ്രന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി അ‍ര്‍പ്പിക്കുന്നു. പാവപ്പെട്ടവന് വേണ്ടി ഉഴിഞ്ഞുവെച്ച മനുഷ്യായുസാണ് കാനം രാജേന്ദ്രന്റേതെന്നും ഇടതുമുന്നണിക്ക് ശക്തനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ ഒടുവിലത്തെ സമ്പത്തായിരുന്നു കാനം രാജേന്ദ്രനെന്ന് സിപിഐ നേതാവ് സി ദിവാകരനും പറഞ്ഞു . കാനം രാജേന്ദ്രന്റെ വേര്‍പാടുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. പാര്‍ട്ടിപ്രവര്‍ത്തകരെല്ലാം ഇരുട്ടിലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയായതുകൊണ്ട് ഇതിനെ നേരിടാനുള്ള കരുത്ത് സിപിഐക്ക് ഉണ്ടാകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. 

കാനം രാജേന്ദ്രനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ജീവിതത്തില്‍ ഒരുകാലത്തും ഉണ്ടായിട്ടില്ല. താന്‍ എഐടിയുസി ജനറല്‍ സെക്രട്ടറിയായപ്പോഴാണ് അദ്ദേഹം എഐടിയുസി സംസ്ഥാന സെക്രട്ടറിയായത്. തുടര്‍ന്നാണ് കാനം സജീവരാഷ്ട്രീയത്തില്‍ വീണ്ടും എത്തിയത്.

സികെ ചന്ദ്രപ്പന് ശേഷം ഏറെ പ്രതിക്ഷയോടെയാണ് കാനത്തിനെ സിപിഐ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മൂന്ന് തവണയാണ് സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നത്. സെക്രട്ടറി സ്ഥാനം വളരെ നന്നായി കൊണ്ടുപോകാനും അദ്ദേഹത്തിന് കഴിഞ്ഞു.തന്റെ കൂടെ സഞ്ചരിച്ചപ്പോഴാണ് അദ്ദേഹത്തിന് ആദ്യം ഒരു അപകടം ഉണ്ടായത്. അതില്‍ അദ്ദേഹത്തിന്റെ ഒരു കാലിന് പരിക്കേറ്റിരുന്നു. അന്ന് മുതല്‍ തന്നോട് വന്നതാണ് ഇതിന് കാരണമെന്നും കാനം രാജേന്ദ്രന്‍ പറയുമായിരുന്നെന്ന് സി ദിവാകരന്‍ പറഞ്ഞു. 

പാര്‍ട്ടിയെ ശരിയായ  വഴിയില്‍ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. അവസാനമായി നല്ലവാക്കുകള്‍ പറഞ്ഞാണ് പിരിഞ്ഞത്. അതുകൊണ്ടാണ് മരണം വിശ്വസിക്കാനാവാത്തതെന്ന് കാനം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories