ബലാത്സംഗക്കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഒളിയിടം പൊലീസ് കണ്ടെത്തിയതായി സൂചന. അദ്ദേഹം തമിഴ്നാട്-കർണാടക അതിർത്തിയായ ഹൊസൂരിലെ ബാഗലൂരിൽ ഉണ്ടായിരുന്നുവെന്നും, ഇന്ന് രാവിലെ അവിടെ നിന്ന് കർണാടകയിലേക്ക് കടന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
രാഹുൽ സഞ്ചരിച്ചിരുന്ന ചുവന്ന പോളോ കാർ ഹൊസൂരിൽ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. പോളോ കാർ കൂടാതെ മറ്റൊരു കാറും അദ്ദേഹം ഉപയോഗിച്ചതായി കണ്ടെത്തി. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാഹുൽ പൊള്ളാച്ചിയിൽ ഉണ്ടായിരുന്നുവെന്നും, അവിടെ നിന്ന് കോയമ്പത്തൂർ വഴി ഹൊസൂരിലേക്ക് പോയെന്നുമാണ് റൂട്ട് മാപ്പിൽ നിന്ന് വ്യക്തമാകുന്നത്. രാഹുൽ സഞ്ചരിച്ച പോളോ കാർ ഒരു യുവനടിയുടേതാണെന്നും അവരെ ചോദ്യം ചെയ്യുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
അതിനിടെ, തിരുവനന്തപുരം സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കണമെന്നും നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്നും ആവശ്യപ്പെട്ട് രാഹുൽ പുതിയ ഹർജി നൽകി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപ് തന്നെ രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.