ദുബായ്: ഇറാൻ- ഇസ്രായേൽ ആക്രമണങ്ങളെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസമായി പ്രത്യേക വിമാന സർവീസ് ആരംഭിച്ച് യുഎഇ. യുഎഇയിലെ വിമാന കമ്പനികൾ ഭാഗിക സർവ്വീസ് ആരംഭിക്കുന്നു. ഇക്കാര്യം യുഎഇ സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. എമിറേറ്റ്സ് എയർലൈൻസ് ഭാഗികമായി സർവീസുകൾ ആരംഭിക്കും. നിലവിൽ ബുക്കിങ് ഉള്ളവർക്കാണ് ഇതോടെ വലിയ ആശ്വാസമായിരിക്കുന്നത്. ദുബായ് വിമാനത്താവളം ഉടൻ തുറക്കും. ഭാഗിക സർവീസ് അയിരിക്കും ഉണ്ടാകുക. അൽ മക്തും വിമാനത്താവളവും തുറക്കും. നിലവിൽ നിർദേശം കിട്ടിയവർക്ക് മാത്രമായിരിക്കും യാത്ര ചെയ്യാൻ കഴിയുക.നാളെ 03/03/2026 കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഒമാനില്‍ നിന്നും സര്‍വീസ്. അബുദാബിയിൽ നിന്നും മുംബൈയിലേക്കും കറാച്ചിയിലേക്കുമുള്ള പ്രത്യേക വിമാനങ്ങൾ പുറപ്പെട്ടു.
യുദ്ധഭീതി തുടരുന്നതോടെ ഗൾഫ് മേഖലയിലേക്കുള്ള വ്യോമ ഗതാഗതം നിശ്ചലമായിരുന്നു. അയത്തൊള്ള ഖമനേയി ഇസ്രയേൽ -യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ഇറാന്റെ ആക്രമണത്തെ തുടർന്നുള്ള സംഘർഷ സാഹചര്യത്തിൽ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ജിസിസി രാജ്യങ്ങളുടെ വ്യോമഗതാഗതം അടിമുടി താളംതെറ്റിയിരുന്നു. ദുബായ്, അബൂദാബി, ദോഹ, ഷാർജ, കുവൈത്ത്, ബഹ്റൈൻ, അൽ മക്തൂം എന്നീ വിമാനത്തവാളങ്ങൾ നിശ്ചലമായിരുന്നു. ഇതിനിടെയാണ് പ്രത്യേക സർവീസ് യുഎഇ ആരംഭിച്ചിരിക്കുന്നത്.