Share this Article
KERALAVISION TELEVISION AWARDS 2025
തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്
Swearing-in Ceremony of New Local Body Representatives Today in Kerala

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ 10 മണിക്കും കോർപ്പറേഷനുകളിൽ രാവിലെ 11:30 നുമാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഏറ്റവും മുതിർന്ന അംഗമായിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. തുടർന്ന് ഇദ്ദേഹം മറ്റംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

ജില്ലാ പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും ജില്ലാ കളക്ടർമാരാണ് സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നൽകുന്നത്. മറ്റു തദ്ദേശ സ്ഥാപനങ്ങളിൽ അതത് വരണാധികാരികളായിരിക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യ ഭരണസമിതി യോഗങ്ങളും ഇന്ന് തന്നെ ചേരും. നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ കാലാവധി ഇന്നലെയാണ് അവസാനിച്ചത്.


അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് വരും ദിവസങ്ങളിലായി നടക്കും. ഡിസംബർ 26-നാണ് നഗരസഭകളിലെ ചെയർപേഴ്സൺമാരുടെയും കോർപ്പറേഷനുകളിലെ മേയർമാരുടെയും തിരഞ്ഞെടുപ്പ്. ഡിസംബർ 27-ന് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും.


സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ വലിയ രാഷ്ട്രീയ മാറ്റങ്ങളോടെയാണ് പുതിയ ഭരണസമിതികൾ വരുന്നത്. കൊല്ലം കോർപ്പറേഷനിൽ 25 വർഷത്തിന് ശേഷം യുഡിഎഫ് ഭരണത്തിലേറുന്നത് ഏറെ ശ്രദ്ധേയമാണ്. കോർപ്പറേഷൻ രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് ഇവിടെ കോൺഗ്രസ് അധികാരത്തിലെത്തുന്നത്. എ.കെ ഹഫീസായിരിക്കും ഇവിടുത്തെ മേയർ സ്ഥാനാർത്ഥി. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ മികച്ച പ്രകടനവും രാഷ്ട്രീയ കേന്ദ്രങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. 101 കൗൺസിലർമാരാണ് ഇന്ന് ഇവിടെ സത്യപ്രതിജ്ഞ ചെയ്യുക.


പത്തനംതിട്ടയിൽ കോൺഗ്രസ് ക്യാമ്പുകളിൽ വലിയ ആവേശമാണ് പ്രകടമാകുന്നത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും മികച്ച വിജയം നേടാൻ പാർട്ടിക്ക് കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ സാമിപ്പനെയാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. കാസർഗോഡ് ജില്ലയിൽ ശക്തമായ ത്രികോണ മത്സരത്തിന് ഒടുവിൽ മൂന്ന് മുന്നണികൾക്കും വിവിധ ഇടങ്ങളിൽ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പുതിയ പ്രവർത്തന വർഷത്തിന് ഇന്ന് ഔദ്യോഗികമായി തുടക്കമാകും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories