രാജ്യത്തിന്റെ സുരക്ഷ ദുർബലപ്പെടുത്താനും പൊതുക്രമം അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ട തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയിരുന്ന ഒരു ശൃംഖലയെ കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു. വിപുലമായ അന്വേഷണത്തിനൊടുവിലാണ് ഈ തീവ്രവാദ ധനസഹായ ശൃംഖലയെ കണ്ടെത്താനായത്.
തീവ്രവാദ പാർട്ടിയെ പിന്തുണയ്ക്കുന്നതിനും ധനസഹായം നൽകുന്നതിനുമായി പ്രതികൾ മരുന്നുകളും പണവും രാജ്യത്തിന് പുറത്തേക്ക് കടത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നുണ്ടായ അന്വേഷണത്തിൽ നിരവധി പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലേക്ക് ഇത് നയിച്ചു. സംശയകരമായ സാമ്പത്തിക പ്രവർത്തനങ്ങൾ ഇവരുടെ പങ്കാളിത്തം സ്ഥിരീകരിക്കുന്ന തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. പാർട്ടിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കുവൈറ്റിലെ ഒരു സ്വകാര്യ ആശുപത്രിയ്ക്കുള്ളിൽ ഒരു ഫാർമസി പ്രവർത്തിപ്പിക്കുന്നതിനും ഇവർ സൗകര്യമൊരുക്കിയിരുന്നു.
രാജ്യത്തിന്റെ സുരക്ഷയെ ദുർബലപ്പെടുത്താനോ സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ഉറപ്പുനൽകി. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.