ഇന്ത്യൻ പൗരത്വമുണ്ടായിട്ടും ബംഗ്ലാദേശികളാണെന്ന് ആരോപിച്ച് നാടുകടത്തിയ ഒമ്പത് മാസം ഗർഭിണിയായ യുവതിയേയും മകനേയും തിരിച്ചെത്തിച്ചു. സുപ്രീം കോടതിയുടെ അടിയന്തര ഇടപെടലിനെ തുടർന്നാണ് സൊണാലി ഖാതൂനെയും മകൻ സാബിറിനെയും ബംഗാളിലെ മാൾഡയിൽ തിരികെയെത്തിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇവരെ തിരിച്ചെത്തിക്കാൻ നിർദ്ദേശം നൽകിയത്.
അനധികൃതമായി ഇന്ത്യയിൽ കടന്നുവെന്ന് ആരോപിച്ച് ജൂൺ 23-നാണ് ഡൽഹി പൊലീസ് സൊണാലിയെയും ഭർത്താവിനെയും ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്ത് നാടുകടത്തിയത്. ഇവർക്ക് ഇന്ത്യൻ പൗരത്വമുണ്ടെന്ന് വ്യക്തമായതോടെയാണ് സുപ്രീം കോടതി ഇടപെട്ടത്. കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്ന് അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) ബംഗ്ലാദേശ് അധികൃതരുമായി ബന്ധപ്പെട്ട് ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു.
ഗർഭിണിയായ സ്ത്രീയെയും കുഞ്ഞിനെയും ഇത്തരത്തിൽ നാടുകടത്തിയത് വലിയ മനുഷ്യാവകാശ ലംഘനമാണെന്ന് വിമർശനം ഉയർന്നിരുന്നു. സുപ്രീം കോടതിയുടെ ഈ വിധി സമാനമായ സാഹചര്യങ്ങളിൽ കഴിയുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.