Share this Article
News Malayalam 24x7
മംഗലാപുരത്ത് ആൾക്കൂട്ടം മർദിച്ച് കൊന്ന യുവാവിൻ്റെ മൃതദേഹം ഖബറടക്കി
വെബ് ടീം
posted on 30-04-2025
1 min read
muhammad asharf

മംഗളൂരു: കർണാടകയിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട വയനാട് പുൽപ്പള്ളി സ്വദേശി മുഹമ്മദ്‌ അഷ്‌റഫിന്റെ മൃതദേഹം സംസ്കരിച്ചു. മലപ്പുറം പറപ്പൂരിലായിരുന്നു സംസ്കാരം. കഴിഞ്ഞ ഞായറാഴ്ചയാണ് ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് അഷ്‌റഫിനെ 25 ഓളം ആളുകൾ ചേർന്ന് മർദിച്ചു കൊന്നത്.മംഗളൂരു നഗരത്തിൽ നിന്ന് 10 കിലോമീറ്റർ മാറിയുള്ള കുടുപ്പുവിലെ ക്ഷേത്ര മൈതാനത്തായിരുന്നു അതിക്രൂരമായ ആൾക്കൂട്ട മർദനമുണ്ടായത്.

ആക്രമണത്തിന് ശേഷം 2 മണിക്കൂറോളം അഷ്‌റഫ്‌ ജീവനായി മല്ലിട്ടു. ആക്രി സാധനങ്ങൾ ശേഖരിക്കുന്ന അഷ്‌റഫ്‌ കളി നടന്നുകൊണ്ടിരിക്കെ മൈതാനത്തേക്ക് എത്തുകയായിരുന്നു. ഇതിനിടെ പ്രദേശവാസിയായ ഓട്ടോറിക്ഷ ഡ്രൈവർ സച്ചിനും അഷ്‌റഫും തമ്മിൽ വാക്കേറ്റമുണ്ടായെന്നും പിന്നാലെ സച്ചിന്റെ നേതൃത്വത്തിൽ 25 ഓളം പേർ ചേർന്ന് മർദിച്ചെന്നും സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര വ്യക്തമാക്കിയിട്ടുണ്ട്.

കൃത്യമായ ചികിത്സ കിട്ടാത്തതിനെ തുടർന്നാണ് അഷ്‌റഫിന്റെ മരണമെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റമ്പ് കൊണ്ടും പൊതിരെ തല്ലിയ ശേഷം യുവാവിനെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ക്രൂര മർദനത്തിന് ശേഷം 25 പേരടങ്ങുന്ന സംഘം അഷ്റഫിനെ റോഡിലുപേക്ഷിച്ച് പോവുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണ കാരണം.അക്രമത്തിൽ പങ്കെടുത്ത 15 പേരെ ഞായറാഴ്ച രാത്രി തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി മറ്റ് അഞ്ച് പേരും അറസ്റ്റിലായി. ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത് മലയാളിയാണെന്ന് വ്യക്തമാകുന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories