അലാസ്‌ക ഉച്ചകോടിയില്‍ ത്രികക്ഷി ചര്‍ച്ച ഉണ്ടാകില്ല. യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിക്ക് ക്ഷണമില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും മാത്രമായിരിക്കും പങ്കെടുക്കുക. ഉപദേശകരില്ലാതെ നേരിട്ടുള്ള ചര്‍ച്ചയാണ് നടത്തുക. യുക്രൈന്‍ റഷ്യ യുദ്ധം അവസാനിപ്പിക്കുകയാണ് ട്രംപിന്റെ ഏക അജണ്ട എന്നും റഷ്യയുടെ ഭാഗം കേള്‍ക്കുക എന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. 15 ആം തിയതി അലാസ്‌കയിലെ ആങ്കറേജ് നഗരത്തിലാണ് ചര്‍ച്ച. അലാസ്‌ക ഉച്ചകോടിയില്‍ ക്ഷണമില്ലെങ്കിലും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഓണ്‍ലൈനിലൂടെ കൂടിക്കാഴ്ച നടത്തും.