രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും വെളിപ്പെടുത്തൽ.രാഹുൽ മാങ്കൂട്ടത്തിൽ മോശമായി പെരുമാറി. മോശം സന്ദേശം അയച്ചെന്ന് യൂത്ത് കോൺഗ്രസ് നേതാവ് എം എ ഷഹനാസ്.കർഷക സമരത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയ തനിക്ക് രാഹുൽ മോശം സന്ദേശങ്ങൾ അയച്ചുവെന്നും, ഇക്കാര്യം ഷാഫി പറമ്പിൽ എംഎൽഎയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ഷഹനാസ് വെളിപ്പെടുത്തി.ഡൽഹിയിൽ നടന്ന കർഷക സമരത്തിൽ പങ്കെടുത്ത് തിരികെ വന്നതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് മോശം സന്ദേശം അയച്ചതെന്ന് ഷഹനാസ് പറയുന്നു. "ഒരുമിച്ച് ഡൽഹിക്ക് പോകാമായിരുന്നല്ലോ" എന്ന തരത്തിലുള്ള സന്ദേശമാണ് രാഹുൽ അയച്ചതെന്നാണ് പ്രധാന ആരോപണം. ഇത് തികച്ചും അനുചിതവും മോശം ഉദ്ദേശ്യത്തോടെയുള്ളതുമായിരുന്നുവെന്ന് ഷഹനാസ് കൂട്ടിച്ചേർത്തു.
വീണ്ടും ലൈംഗിക പീഡന പരാതികൾ വരുമ്പോൾ മനസാക്ഷി കുത്തൊന്നും ഇല്ലെന്നും രാഹുലിനെ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റാക്കിയാൽ നമ്മുടെയൊക്കെ പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുമെന്ന് അന്നേ താൻ ഷാഫി പറമ്പിലിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എം എ ഷഹനാസ്.‘ഒരുപാട് പെൺകുട്ടികൾക്ക് കടന്നുവരാനുള്ള ഇടമാണ് യൂത്ത് കോൺഗ്രസ് സംവിധാനമെന്നും അതിന്റെ പ്രസിഡന്റായിട്ട് ഇവനെ പോലെയുള്ള ആളുകൾ വരുമ്പോൾ നമ്മുടെയൊക്കെ പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുമെന്ന് അന്നത്തെ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്ന ഷാഫി പറമ്പിൽ എംഎൽഎ യോട് താൻ പറഞ്ഞിരുന്നുവെന്ന്’ ഷഹനാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.‘രാഹുലിനെ പ്രസിഡന്റ് ആക്കരുത് എന്ന് അപേക്ഷിച്ചിട്ടുണ്ടെന്നും ആ വാക്കിന് ഒരു വിലയും തന്നില്ല എന്ന് മാത്രമല്ല നിറഞ്ഞ പരിഹാസവും പുച്ഛവും ആയിരുന്നു ഉണ്ടായിരുന്നതെന്നും അതുകൊണ്ട് തന്നെ പറയാൻ ഉള്ളത് പറഞ്ഞില്ല എന്നുള്ള വേവലാതിയോ കുറ്റബോധമോ ഒന്നും ഈ നിമിഷവും ഇല്ലെന്ന് ഷഹനാസ് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ഒരു പരാതി ഉയർന്നു വരുമ്പോൾ എനിക്ക് മനസാക്ഷി കുത്തൊന്നും ഇല്ല. കാരണമെന്താണെന്ന് അറിയാമോ? പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞു എന്ന സമാധാനം ഉണ്ട്. യൂത്ത് കോൺഗ്രസ് പ്രസിഡണ്ടായി രാഹുൽ മാങ്കൂട്ടത്തിനെ പൊക്കിയെടുത്ത് കൊണ്ടുവന്നു വയ്ക്കുമ്പോൾ ബഹുമാനപ്പെട്ട അന്നത്തെ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്ന ഷാഫി പറമ്പിൽ എം.എൽ.എ യോട് ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട് (തെളിവ് ഉണ്ട് )ഒരുപാട് പെൺകുട്ടികൾക്ക് കടന്നുവരാനുള്ള ഒരു ഇടമാണ് യൂത്ത് കോൺഗ്രസ് എന്ന് പറയുന്ന സംവിധാനം. അതിന്റെ പ്രസിഡന്റായിട്ട് ഇവനെ പോലെയുള്ള ആളുകൾ വരുമ്പോൾ നമ്മുടെയൊക്കെ പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുമെന്ന്…. നമ്മുടെയൊക്കെ പെൺകുട്ടികൾക്ക് പ്രവർത്തിക്കാനുള്ള സാഹചര്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഉണ്ടാവണമെങ്കിൽ ഇവനെ പോലെയുള്ള ആളുകളെ പ്രസിഡണ്ട് ആക്കരുത് എന്ന് ഞാൻ അപേക്ഷിച്ചിട്ടുണ്ട്. ആ വാക്കിന് ഒരു വിലയും തന്നില്ല എന്ന് മാത്രമല്ല നിറഞ്ഞ പരിഹാസവും പുച്ഛവും ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പറയാൻ ഉള്ളത് പറഞ്ഞില്ല എന്നുള്ള വേവലാതിയോ കുറ്റബോധമോഒന്നും ഈ നിമിഷവും ഇല്ല.ഇന്നും പരാതി ആയിട്ട് വന്നിട്ടുള്ളത് 23 വയസ്സ് ഉള്ള പെൺകുട്ടിയാണ് ആർക്കെങ്കിലും വേദന തോന്നുന്നുണ്ടോ? ഉണ്ടാവില്ല……എനിക്ക് തോന്നുന്നുണ്ട് കാരണം എന്റെ മകൾക്ക് 21 വയസ്സാണ്…
അതുണ്ടാവേണ്ടവർക്ക് അതുണ്ടോ എന്ന് ഒരു തോന്നലും ഇല്ല. കാരണം പീഡിപ്പിക്കപ്പെട്ടത് സ്വന്തം മകളോ ഭാര്യയോ അമ്മയോ സഹോദരിയോ ഒന്നുമല്ലല്ലോ എവിടെയോ കിടക്കുന്ന ഒരു പെണ്ണ്. പ്രസംഗിക്കാൻ മാത്രമേ ഇവര് സ്ത്രീപക്ഷം പറയൂ…. ആ അഭിനയം ഒക്കെ കാണാൻ വിധിച്ചിട്ടുള്ള ഹതഭാഗ്യരാണ് നമ്മളൊക്കെ അത് ഏത് രാഷ്ട്രീയമായാലും… അല്ലെങ്കിൽ രാഹുൽ മാങ്കൂട്ടം എന്ന എം.എൽ. എയെ പിടികൂടാൻ സാധിക്കാത്ത ഒരു പോലീസ് സംവിധാനമാണോ കേരളത്തിലുള്ളത്?
അല്ലെങ്കിലും വേട്ടനായ്ക്കൾ എല്ലാ കാലത്തും ആഘോഷിക്കപ്പെടും ഇരകൾ എന്നും നിങ്ങൾക്ക് മുന്നിലൊക്കെ നരകിച്ചു ജീവിച്ചു മരിക്കും. നിങ്ങൾ പറയുന്ന അപമാന വാക്കുകളാൽ അവർ പുളയും….അത് ഏത് രാഷ്ട്രീയ പാർട്ടിയിൽ ആയാലും ഏത് മേഖലയിൽ ഉള്ളവൻ ആയാലും….
വേട്ടപ്പട്ടികൾക്ക് ഒരു വിചാരമുണ്ട് അതായത് പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് പിടിക്കപ്പെട്ടാൽ പിന്നീട് അവരുടെ തന്ത്രം എന്താണെന്ന് വെച്ചാൽ ബാക്കിയുള്ള സ്ത്രീകളെ ചടങ്ങുകളിൽ വിളിക്കുക പരസ്യമായി കെട്ടിപ്പിടിക്കുക എന്നിട്ട് സ്വയം അങ്ങ് ആനന്ദിക്കുക. അതായത് ആ വേട്ടപ്പട്ടിയുടെ തോന്നൽ ആണ്. കണ്ടോ കണ്ടോ ഞാൻ കെട്ടിപ്പിടിച്ചപ്പോൾ ഈ സ്ത്രീകൾക്ക് ഒന്നും ഒരു കുഴപ്പവും സംഭവിച്ചില്ലല്ലോ പിന്നെ നീയൊക്കെ എവിടുന്നാ വന്നു പീഡിപ്പിച്ചു എന്ന് പറഞ്ഞു കുരയ്ക്കുന്നത് എന്ന്….നിനക്ക് ഒക്കെ എവിടെയാ തേഞ്ഞു പോയത് എന്ന്…. എന്നിട്ട് അവരെ ചുവപ്പും ചുവപ്പും വസ്ത്രമൊക്കെ അണിഞ്ഞ് ഇരയായ പെണ്ണിന്റെ മുന്നിൽ വന്നു കൊഞ്ഞനം കുത്തിക്കൊണ്ടേയിരിക്കും…i അനുഭവം കൊണ്ട് പറയാണ് നല്ല വേദനയാണ് ഇതിനൊക്കെ നിന്ന് കൊടുക്കുന്ന പെണ്ണുങ്ങൾക്ക് ഒരു വിചാരം ഉണ്ട് നിങ്ങൾ ഒരു പുരുഷനെ മഹാൻ ആക്കിയെന്ന്… തോന്നലാണ്….നിങ്ങളെ ഗതികേട് കൊണ്ടു ഈ പുകഴ്ത്തി പറയുന്ന അണികളുടെ ഉള്ളിൽ പോലും നിങ്ങളോട് പുച്ഛമായിരിക്കും…
ഒരു പെണ്ണ് ഇരയാക്കപ്പെടുമ്പോൾ
ആ പെണ്ണിന് ഒപ്പം മുന്നോട്ടു വരണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു ആളാണ് ഞാൻ. കാരണം കോൺഗ്രസ് എന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായതുകൊണ്ട് ഇരകൾക്കൊപ്പം ആണ് ഞാൻ എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോൾ കോൺഗ്രസിലെ ഒരുപാട് നേതാക്കന്മാർ എന്നെ ചോദ്യം ചെയ്തു സഖാത്തിയായ സുഹൃത്തിനെ സംരക്ഷിക്കാൻ അല്ലേ എന്ന് ചോദിച്ചു കൊണ്ട്….എന്റെ പക്ഷം എന്നും സ്ത്രീപക്ഷം തന്നെയാണ് . അത് നിങ്ങൾ ചുറ്റിനും കൂടി നിന്ന് എന്നെ ആക്രമിച്ചാൽ പോലും…
ഇവന്റെയൊക്കെ ഉള്ളിലിരിപ്പ് എന്താണെന്ന്, ഇവനൊക്കെ ഒരു സ്ത്രീയെ എന്തൊക്കെ പറയും എന്നും, എന്തൊക്കെ ചെയ്യുമെന്നും. ഉത്തമ ബോധ്യമുള്ള മറ്റൊരു സ്ത്രീ തന്നെയാണ് ഞാൻ അതുകൊണ്ട് ഇരയാക്കപ്പെടുന്ന ഓരോ സ്ത്രീക്കും ഒപ്പം തന്നെയാണ് ഞാൻ എന്നും….നാലു വെള്ള നിറത്തിൽ ഉള്ള ലവ് ഇട്ടത് അല്ല ഇവിടുത്തെ ഒന്നും പ്രശ്നം എന്നിട്ട് കവല പ്രസംഗം നടത്തുകയാണ് ഇവളൊക്കെ ഞാൻ ചാറ്റ് ചെയ്യുന്ന സ്ത്രീകൾ ആണെന്ന്…അതാണ് ഇവിടുത്തെ പ്രശ്നം…
ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായി എല്ലാ അധികാരങ്ങളും ആസ്വദിച്ചവനാണ് ശ്രീ രാഹുൽ മാങ്കൂട്ടം എന്നിട്ട് ഇന്ന് പാർട്ടിയെ അതും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വക്കത്ത് എത്തി നിൽക്കുമ്പോൾ ഇരുട്ടിലാക്കിയ മഹാൻ കൂടിയാണ് എന്ന് നിങ്ങൾ അണികൾ ഓർക്കണം. നിങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ ഇരകൾ എന്നു പറഞ്ഞു വരുന്ന മുഴുവൻ സ്ത്രീകളെയും അപമാനിച്ചു കൊണ്ടിരിക്കുന്നത് ഒരു ക്രിമിനൽ ആയിട്ടുള്ള വ്യക്തിക്ക് വേണ്ടിയിട്ടാണ് എന്ന് നിങ്ങൾ മനസ്സിലാക്കണം. ഇന്നും പാർട്ടിയിൽ നിന്ന് പുറത്താക്കിയ ശ്രീ രാഹുൽ മാങ്കൂട്ടം നിർദ്ദേശിച്ച സ്ഥാനാർത്ഥികൾ കേരളത്തിന്റെ പലസ്ഥലങ്ങളിലും മത്സരിക്കുന്നുണ്ട് എന്ന ഗതികേട് കൂടി മനസ്സിലാക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്….ഇന്ന് പാർട്ടിക്ക് കളങ്കം വരുത്തിയത് നിങ്ങൾ ആഘോഷം ആക്കുന്ന രാഹുൽ മാങ്കൂട്ടം തന്നെയാണ്. അതിന് അയാളുടെ കൂടെ നിൽക്കുന്ന മഹാന്മാർ മഹതികൾ ഒക്കെ ആരാണ് എന്ന് ഉറച്ച ധാരണ ഉണ്ട്…. ഇന്നും 23 വയസ്സ് ഉള്ള പെൺകുട്ടിയാണ് പരാതിയുമായി വന്നിരിക്കുന്നത് നിങ്ങൾക്ക് അപമാനിക്കാൻ ഒരു ഇര കൂടെ ആയെന്ന് സാരം… നിങ്ങൾ അപമാനിക്കുന്നത് അനുസരിച്ചു ഇരകളായ ഓരോ പെണ്ണും പുറത്തു വരും….ശക്തമായി തന്നെ…
ദയനീയത എന്താണ് എന്ന് അറിയുമോ എന്റെ നാടായ ഈ നാട്ടിലെ ഒരു ഇരയായ ഒരു പെണ്ണ് കൂടെ ആണ് ഞാൻ… ഞാൻ വിശ്വസിക്കുന്ന പ്രവർത്തിക്കുന്ന എന്റെ കോൺഗ്രസ് പ്രസ്ഥാനം എന്നെ അപമാനിച്ചിട്ടേ ഉള്ളു…. എന്നെ ചൂഷണം ചെയ്ത വേട്ടപ്പട്ടിയെ കോഴിക്കോട് കോൺഗ്രസ് ന്റെ പ്രധാന പരിപാടിയിൽ പങ്കെടുപ്പിക്കുകയും പിന്നീട് അതിന് എതിരെ ഞാൻ പ്രതികരിച്ചപ്പോൾ ഡിസിസി അധ്യക്ഷൻ ഡിസിസി സെക്രട്ടറിയെ ആ വേട്ടപ്പട്ടിയുടെ വക്കീൽ ആക്കി കൊടുക്കുകയും പിന്നീട് ഇപ്പോൾ ആ വക്കീലിനെ ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ പോലെ ഡിസിസി ട്രഷറർ ആക്കുകയും ചെയ്ത ആളാണ്…. എന്നിട്ടും ഇരയായ ആ ഡിസിസി ഓഫീസിൽ പോകുന്ന എന്റെ ഗതികേട് ഒന്ന് ആലോചിച്ചു നോക്കു….
കോൺഗ്രസ്സിന്റെ നേതാക്കൾ ആയ വി ഡി സതീശൻ, രമേശ് ചെന്നിത്തല, രാജ്‌മോഹൻ ഉണ്ണിത്താൻ. വ്യക്തമായ ധാരണയോട് കൂടെ അന്ന് മുതൽ ഇന്ന് വരെ രാഹുൽ മാങ്കൂട്ടത്തെ എതിർത്ത് മാറ്റി നിർത്തിയവർ ആണ് അവരോട് ഉള്ള ബഹുമാനം കൂടിയിട്ടേ ഉള്ളു…എന്നാൽ അവർക്ക് എതിരാളി ആയത് കൊണ്ടു ആണ് അവനെ ഒതുക്കിയത് എന്ന് പറയുന്ന വെട്ടുക്കിളി ഫാൻസിനോട് അവർക്കൊന്നും ഇവൻ ഒരു ഇരയെ അല്ല എന്ന് മനസ്സിലാക്കുക….
പിന്നെയും കോൺഗ്രസ്സിൽ ഗതികെട്ട് നിൽക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചാൽ വീട്ടിലെ അരി വേവാൻ അല്ല… ഇവരുടെ ഒന്നും തറവാട് സ്വത്ത് അല്ല കോൺഗ്രസ് എന്നുള്ളത് കൊണ്ടാണ്…പിന്നെ രാഹുൽ മാങ്കൂട്ടം അധികാരം ഉപയോഗിച്ച് നടത്തിയ പീഡനങ്ങൾക്ക് കോൺഗ്രസ് എന്ന പ്രസ്ഥാനം ഉത്തരം പറയേണ്ടത് ഇല്ല എന്നാണ് വിശ്വസിക്കുന്നത് മറിച്ചു ഒരു പീഡകനു വേണ്ടി അണികൾ പാർട്ടിയെയും നേതാക്കന്മാരെയും കളങ്കപെടുത്തരുത്…
ഇനിയും ഞാൻ എഴുതും…
ഇവിടെ തന്നെ ഉണ്ടാവും…. തുറന്നു എഴുതാൻ തന്നെയാണ് തൂലിക പടവാൾ ആക്കിയത്…. മറക്കണ്ട ആരും..
എം എ ഷഹനാസ്…