മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനും, പദ്ധതിയിൽ കേന്ദ്രീകൃത നിയന്ത്രണം കൊണ്ടുവരാനുമുള്ള ഭേദഗതി ബില്ലായ 'വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ഓർ ആജീവിക മിഷൻ (ഗ്രാമീൺ) (VB G-RAM G) ബില്ല് ഇന്ന് ലോക്‌സഭയിൽ ചർച്ച ചെയ്യും. ബിൽ പാസാക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. അതേസമയം, മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കുന്നതിലും, സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കുന്നതിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. ഗ്രാമീണ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അവതരിപ്പിച്ച ബിൽ, മഹാത്മാഗാന്ധിയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
നെഹ്‌റുവിന്റെയും ഗാന്ധിയുടെയും പേരുകൾ ഒഴിവാക്കാനുള്ള ശ്രമമാണ് പേരുമാറ്റത്തിന് പിന്നിലെന്നാണ് മുഖ്യ ആരോപണം. കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യ സഖ്യത്തിലെ കക്ഷികൾ രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ഇന്നലെ പാർലമെന്റിന് പുറത്ത് ഗാന്ധിജിയുടെ ചിത്രങ്ങളേന്തി പ്രതിഷേധിച്ചു. ഇന്ന് പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
തൊഴിലുറപ്പ് പദ്ധതിയുടെ ചെലവിൽ 40% സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്ന ഭേദഗതി സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വിമർശനം ഉന്നയിക്കുന്നുണ്ട്. പദ്ധതിയുടെ നിയന്ത്രണം പൂർണ്ണമായും കേന്ദ്ര സർക്കാരിലേക്ക് മാറ്റുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്. ഇത് ഗ്രാമതലത്തിലുള്ള പ്രവർത്തനങ്ങളെ ബാധിക്കുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ചർച്ചകൾക്ക് ശേഷം ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ, പ്രതിഷേധങ്ങൾ അവഗണിച്ച് ബിൽ പാസാക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകാൻ തന്നെയാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.