15-ാം കേരള നിയമസഭയുടെ 14-ാം സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 10 വരെ 12 ദിവസമാണ് സമ്മേളനം നടക്കുക. വിവാദങ്ങൾക്കിടെ ആരംഭിക്കുന്ന ഈ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത. നിരവധി സുപ്രധാന വിഷയങ്ങളും ബില്ലുകളും സഭയിൽ ചർച്ചയാകും.
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെതിരായ പൊലീസ് അതിക്രമം അടക്കമുള്ള വിഷയങ്ങൾ നിയമസഭയിൽ ആയുധമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. പോലീസ് അതിക്രമങ്ങൾ, വയനാട് മുളങ്കോല്ലിയിലെ കോൺഗ്രസ് നേതാവിൻ്റെ ആത്മഹത്യ, തൃശൂരിലെ ഓഡിയോ സന്ദേശം എന്നിവയെല്ലാം പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമോ എന്ന കാര്യത്തിൽ ആകാംഷയുണ്ട്. കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുലിന് സഭയിൽ പ്രതിപക്ഷ നിരയിലായിരിക്കില്ല ഇരിപ്പിടം.
തിരുവനന്തപുരത്ത് ആക്കുളം സ്വിമ്മിങ് പൂളിൽ കുളിച്ച 17-കാരന് അമീബിക് മസ്തിഷ്കജ്വരം പിടിപെട്ടു. സ്വിമ്മിങ് പൂളിലെ വെള്ളത്തിൽ രോഗാണുക്കൾ കയറിയതാണ് രോഗകാരണമെന്ന് റിപ്പോർട്ടുണ്ട്. 17-കാരനോടൊപ്പം വെള്ളത്തിൽ ഇറങ്ങിയ മറ്റ് മൂന്ന് പേർക്ക് നിലവിൽ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഓഗസ്റ്റ് 16 മുതൽ ഇന്നലെ വരെ പൂളിൽ ഇറങ്ങിയവരുടെ വിവരം ശേഖരിച്ച് ആരോഗ്യവകുപ്പ് നിരീക്ഷണം തുടരുന്നു.
നാട്ടുകാർക്ക് ഭീഷണിയാകുന്ന വന്യജീവികളിൽ നിന്ന് സംരക്ഷണം നൽകാനുദ്ദേശിച്ചുള്ള വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്ലിന് കേരള മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ഇത് മലയോര മേഖലയിലെ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഈ ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ ചർച്ചയാകും. കൂടാതെ, ഡിജിറ്റൽ കെ-കൈറ്റിയു സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിൽ നിലനിൽക്കുന്ന നിയമ പോരാട്ടങ്ങൾക്കിടെ, വൈസ് ചാൻസലർ നിയമനത്തിന് മുഖ്യമന്ത്രിക്ക് കൂടുതൽ അധികാരം നൽകുന്ന സർവകലാശാല ഭേദഗതി ബില്ലും ഈ സമ്മേളനത്തിൽ പരിഗണിക്കും.